വിവാദ സംവിധായകന്‍ വേലു പ്രഭാകരന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. അറുപതുകാരനായ വേലു പ്രഭാകരന്‍ മുപ്പതുകാരിയായ നടി ഷേർലി ദാസിനെയാണ് വിവാഹം ചെയ്‍തത്. വേലു പ്രഭാകരന്റെ ഒരു ഇയക്കുനരിന്‍ ഡയറി എന്ന സിനിമയുടെ പ്രീമിയർ ഷോ ചടങ്ങില്‍ വച്ചായിരുന്നു വിവാഹ മോതിരം കൈമാറിയത്. ഇത് വന്‍ വാര്‍ത്തയായിരുന്നു. പലരും ഇരുവരെയും വിമര്‍ശിച്ച് രംഗത്ത് എത്തുകയും ചെയ്‍തു. ഇപ്പോഴിതാ ഇരുവരും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നു.
എന്റെ പ്രായത്തില്‍ നമ്മുടെ രാജ്യത്ത് ആരും വിവാഹം കഴിക്കില്ല. നമ്മുടെ രാജ്യം അത്രമാത്രം പുരോഗമിച്ചിട്ടില്ല. ഡൊണാള്‍ഡ് ട്രംപ് എഴുപത്തിനാലാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് അവിടെ ആര്‍ക്കും പ്രശ്‌നമല്ല. എല്ലാ മനുഷ്യനും ഒരു പങ്കാളി വേണം. ഷേര്‍ലി എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണവര്‍. നേരത്തേ ഒരു ഭാര്യയുണ്ടായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു. കുറെക്കാലമായി ഒറ്റയ്ക്കായിരുന്നു. ആ ഏകാന്തതയിലിരിക്കുമ്പോഴാണ് ഷേര്‍ലി വന്നത്- വേലു പ്രഭാകരന്‍ പറയുന്നു. വളരെ സത്യസന്ധനായ വ്യക്തിയാണ് വേലു പ്രഭാകരനെന്ന് ഷേര്‍ലി പറയുന്നു. കൂടുതൽ അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിച്ചതും. സത്യസന്ധമായ ബന്ധങ്ങളിൽ പ്രായം ഒരു തടസ്സമല്ലെന്നും ഷേര്‍ലി പറയുന്നു.
വേലു പ്രഭാകരൻ 2009ല്‍ സംവിധാനം ചെയ്‍ത ഇത് കാതൽ കഥൈ എന്ന സിനിമയിൽ ഷേർലിയായിരുന്നു നായിക. വേലു പ്രഭാകരന്റെ പുതിയ ചിത്രമായ ഒരു ഇയക്കുനരിന്‍ ഡയറിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാണ്. വേലു പ്രഭാകരന്‍ സിനിമയില്‍ സംവിധായകനായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
