കൊച്ചി: മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീയറ്ററുകളില്‍ തരംഗം തീര്‍ത്ത മമ്മൂട്ടി-പൃഥിരാജ് ചിത്രം 'പോക്കിരിരാജ'യിലെ കഥാപാത്രം രണ്ടാംവരവിലും തീയേറ്ററുകളില്‍ ഓളമുണ്ടാക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടയിലാണ് ചിത്രത്തിന്‍റെ സംവിധായകന്‍റെ ഫേസ്ബുക്ക് പേജില്‍ മധുരരാജ എട്ട് നിലയില്‍ പൊട്ടുമെന്ന കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടത്.

അത്തരം കമന്‍റുകള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സംവിധായകന്‍. സുലൈമാന്‍ എന്ന പേരുള്ള പ്രൊഫൈലില്‍ നിന്നുള്ള കമന്‍റുകള്‍ക്കാണ് വൈശാഖ് മറുപടി നല്‍കിയിരിക്കുന്നത്. സുലൈമാന്‍ ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോയെന്നായിരുന്നു വൈശാഖിന്‍റെ മറുപടി.

നേരത്തെ മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ തോതില്‍ ശ്രദ്ധനേടിയിരുന്നു. പോക്കിരിരാജയില്‍ വന്ന അതേ ഗെറ്റപ്പില്‍ വില്ലന്‍ കഥാപാത്രങ്ങളെ അടിച്ചൊതുക്കി പിന്‍തിരിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്റ്റ് ലുക്കിലെ ആകര്‍ഷഘടകം. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ.

പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഇരുവരും വൈശാഖിനൊപ്പം പുലിമുരുകനിലും സഹകരിച്ചിരുന്നു. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് തീയേറ്ററുകളിലെത്തും.