നടി പാര്‍വ്വതിയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ പിന്നാലെ താരത്തിന്റെ ചിത്രത്തിന് നേരെയും പ്രതിഷേധം. പാര്‍വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ പതുങ്ങി എന്ന ഗാനത്തിന് നേരെയാണ് പ്രതിഷേധം. യൂട്യൂബിലെ വീഡിയോയ്ക്ക് ഡിസ്ലൈക്ക് അടിച്ചും കമന്റിട്ടുമാണ് ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
3000 ലൈക്ക് ഉള്ള പാട്ടിന് ലഭിച്ച ഡിസ് ലൈക്ക് 32000 ആണ്. ഒരു ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. പൃഥ്വിരാജിനെയും പാര്‍വ്വതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്ണി ദിനകര്‍ ഒരുക്കുന്ന ചിത്രമാണ് മൈ സ്‌റ്റോറി. എന്ന് നിന്റെ മൊയ്തീന് ശഷം പാര്‍വ്വതിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയ്ക്ക് ഡിസ് ലൈക്ക് അടിച്ചും അക്രമണം തുടരുകയാണ്.
മമ്മൂട്ടി സിനിമ 'കസബ'യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്.
നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാർവതി സിനിമയെ കുറിച്ച് പറഞ്ഞത്. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
