കൊച്ചി: വ്യാജരേഖ ചമച്ചിട്ടില്ലെന്ന് നടന്‍ ദിലീപിനെ ചികിത്സിച്ച ഡോ. ഹൈദര്‍ അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ചികിത്സ തേടിയിരുന്നു. മൂന്ന് ദിവസം ആലുവയിലെ ആശുപത്രിയില്‍ എത്തിയാണ് ചികിത്സിച്ചത്. രണ്ട് ദിവസം ദിലീപിന്റെ വീട്ടില്‍ പോയി ചികിത്സിച്ചു. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി രേഖകള്‍ പൊലീസ് പരിശോധിച്ചതാണെന്നും ഡോ. ഹൈദര്‍ അലി പറഞ്ഞു.

എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം വഴിതെറ്റിക്കാനായി ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയിലായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് ശ്രമം നടത്തി. ഇതിനായി ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.