'ശവ'ത്തിന്‍റെ സംവിധായകന്‍ ഈ.മ.യൗവിനെക്കുറിച്ച്

കൊച്ചി: ഈ.മ.യൗവിന്‍റെ സംവിധായകനെയും തിരക്കഥാകൃത്തിനെയും പരഹിസിച്ച് ''ശവം സിനിമയുടെ സംവിധായകന്‍ ഡോണ്‍ പാലത്തറ. തന്‍റെ ചിത്രവും ഈ.മ.യൗവും തമ്മിലുള്ള സാമ്യം എണ്ണിപ്പറഞ്ഞാണ് ഡോണിന്‍റെ പരിഹാസം. ഒരു മരണ വീട് തന്നെ പശ്ചാത്തലം, കാണിക്കുന്നത് ഒരു രാത്രിയും പകലും തന്നെ. ശവത്തിൽ ഒരു കേന്ദ്ര കഥാപാത്രമോ ഒരു overarching കഥയോ ഒഴിവാക്കിയിരുന്നത് ഈ.മ.യൗവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശവത്തിൽ ചിക്കൻ കറി കന്യാസ്ത്രീയ്ക്ക് എടുത്ത് കൊടുത്തേക്കാൻ അമ്മച്ചി പറയുന്നെങ്കിൽ ഈമായൗവിൽ താറാവ് കറി കറുത്ത-മോളിക്ക് കൊടുത്തേക്കാൻ മകൻ പറയുന്നു- ഡോണ്‍ വിശദീകരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോണിന്‍റെ പ്രതികരണം. ഡോണ്‍ പാലത്തറയുടെ ചിത്രം 'ശവ''വും ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗയും തമ്മില്‍ സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. 2015 ലാണ് ഡോണ്‍ പാലത്തറ ശവം സംവിധാനം ചെയ്യുന്നത്. ഈ.മാ.യൗവിന്‍റെ ട്രെയിലറുകള്‍ വന്നത് മുതല്‍ ഇരുചിത്രങ്ങളെയും കുറിച്ചുള്ള സാമ്യത സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രം കണ്ടതിന് ശേഷം 'ശവം' ത്തിന്‍റെ സംവിധായകന്‍ പറയാനുള്ളത് ഇതാണ്. ശവവുമായി സാമ്യം ഉണ്ടെന്ന് ട്രെയ്‍ലറുകള്‍ കഴിഞ്ഞ വര്‍ഷം ഒടുവില്‍ വന്നപ്പോള്‍ മുതലേ പലരും സൂചിപ്പിച്ചതിനാല്‍ റിലീസ് ദിവസം തന്നെ ഈ.മാ.യൗ പോയി കണ്ടെന്ന് പറഞ്ഞാണ് ഡോണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഡോണ്‍ പാലത്തറയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ശവവുമായി സാമ്യം ഉണ്ടെന്ന് ട്രെയ്‌ലറുകൾ കഴിഞ്ഞ വര്ഷം ഒടുവിൽ വന്നപ്പോൾ മുതലേ പലരും സൂചിപ്പിച്ചതിനാൽ റിലീസ് ദിവസം തന്നെ ഈ.മാ.യൗ പോയി കണ്ടു. ഒരു മരണ വീട് തന്നെ പശ്ചാത്തലം, കാണിക്കുന്നത് ഒരു രാത്രിയും പകലും തന്നെ. ശവത്തിൽ ഒരു കേന്ദ്ര കഥാപാത്രമോ ഒരു overarching കഥയോ ഒഴിവാക്കിയിരുന്നത് ഈമായൗവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശവത്തിൽ ചിക്കൻ കറി കന്യാസ്ത്രീയ്ക്ക് എടുത്ത് കൊടുത്തേക്കാൻ അമ്മച്ചി പറയുന്നെങ്കിൽ ഈമായൗവിൽ താറാവ് കറി കറുത്ത-മോളിക്ക് കൊടുത്തേക്കാൻ മകൻ പറയുന്നു. ശവത്തിൽ പത്രക്കാരനോട് നേരിട്ട് വാർത്തയുടെയും ഫോട്ടോയുടെയും കാര്യം പറയുന്നെങ്കിൽ ഈമായൗവിൽ അതൊക്കെ ഫോണിൽ കൂടി പറയുന്നു. ശവത്തിൽ മരിച്ചയാളുടെ കാമുകി വരുന്നു, അത് ആളുകൾ വലിയ വിഷയമാക്കുന്നില്ല. ഈമായൗവിൽ മരിച്ചയാളുടെ കാമുകിയും മകനും വരുന്നു, അതൊരു പ്ലോട്ട്പോയിന്റ് ആകുന്നു. ശവത്തിൽ ഒരു പട്ടിയുണ്ട്, ഈമായൗവിൽ ഒരു പട്ടിയും താറാവും ഉണ്ട്. ശവത്തിൽ മലയോരഗ്രാമവും സുറിയാനി ക്രിസ്ത്യൻസും ആണ്, ഈമായൗവിൽ ലാറ്റിൻ ക്രിസ്ത്യൻസും തീരദേശവുമാണ്. ശവത്തിൽ Cinéma vérité ശൈലി ആണ് സ്വീകരിച്ചിരിക്കുന്നത് ഈമായൗവിൽ മാജിക്കൽ റിയലിസമൊക്കെ ഉണ്ട്. ഇക്കാര്യങ്ങളാൽ തന്നെ ഈമായൗ ശവമല്ല.