ഈമയൗ തീയേറ്ററുകളിലെത്തി ഒരു മാസത്തിന് ശേഷം വിവാദത്തില്‍ മറുപടിയുമായി ശവം സംവിധായകന്‍
അടുത്തകാലത്ത് നിരൂപകശ്രദ്ധയിലും പ്രേക്ഷകപ്രീതിയിലും മുന്നിലെത്തിയ മറ്റൊരു ചിത്രമില്ല, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗവിനെപ്പോലെ. എന്നാല് മൂന്ന് വര്ഷം മുന്പ് പുറത്തെത്തിയ ശവം എന്ന സിനിമയുമായി ഈമയൗവിന്റെ പ്ലോട്ടിനുള്ള സാമ്യം ലിജോ ചിത്രത്തിന്റെ റിലീസിംഗ് സമയത്ത് ഏറെ ചര്ച്ചയായിരുന്നു. ശവത്തിന്റെ സംവിധായകന് ഡോണ് പാലത്തറ തന്നെയാണ് സോഷ്യല് മീഡിയയില് പിന്നീട് ഏറെ ചര്ച്ചകള്ക്ക് വഴിവച്ച അഭിപ്രായപ്രകടനം ആദ്യം നടത്തിയത്. ഈമയൗവിന്റെ പ്ലോട്ടിന് ശവവുമായുള്ള വിവിധ സാമ്യങ്ങള് എണ്ണിയെണ്ണി പറഞ്ഞ് പരിഹാസരൂപേണയായിരുന്നു ഡോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല് എഴുത്ത്ജീവിതത്തില് ഒട്ടാകെ മരണമെന്ന വിഷയം സ്വീകരിച്ചിട്ടുള്ള പി.എഫ്.മാത്യൂസിന് ഈ.മ.യൗവിന്റെ രചനയ്ക്കായി ശവത്തെ ആശ്രയിക്കേണ്ടതില്ലെന്ന് പിന്നീട് ചില അഭിമുഖങ്ങളില് ലിജോ പെല്ലിശ്ശേരി മറുപടി പറഞ്ഞു. ഇപ്പോഴിതാ ഈമയൗ റിലീസായി ഒരു മാസം പിന്നിടുമ്പോള് വിവാദത്തില് വിശദീകരണവുമായി ഡോണ് പാലത്തറ വീണ്ടും. താന് മുന്പുയര്ത്തിയ വിമര്ശനത്തെ ഏകപക്ഷീയമായി പരിഹസിച്ചവര്ക്കുള്ള മറുപടി എന്ന നിലയിലാണ് ഫേസ്ബുക്ക് കുറിപ്പ്.
ശവം ഒരു ഗംഭീര സിനിമയല്ലെന്നും എന്നാല് ഈമയൗ മോശം സിനിമയാണെന്നും പറയുന്നു ഡോണ്. ശവം കണ്ടതിന് ശേഷം സമാനമായ തീം ഉപയോഗിച്ച് ഒരു കൊമേഴ്സ്യല് ചിത്രം എടുത്തവര് അത് അംഗീകരിക്കാത്തതിനെ മാത്രമല്ല അത് വികലമായി എടുത്തതിനെക്കൂടിയാണ് താന് പരിഹസിച്ചതെന്നും ഡോണ്.
