സോളോ എന്ന ചിത്രത്തിന് തീയറ്ററിലെ പ്രതികരണം മോശമായപ്പോള്‍ ചിത്രത്തെ കൊല്ലരുതെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത് വന്നിരുന്നു. സമാനമായ മറ്റൊരു അഭ്യര്‍ത്ഥനയുമായി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് യുവതാരം കാളിദാസ് ജയറാം. 

ജയറാം നായകനായ ആകാശമിഠായി എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്നാണ് കാളിദാസിന്‍റെ പരാതി. അച്ഛന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ആകാശമിഠായി. ആരാധകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഒരു തിരിച്ചുവരവ് ഈ ചിത്രത്തിലൂടെ പ്രതീക്ഷിച്ചിരുന്നതായും കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

അപ്പയ്ക്ക് ഈ സിനിമയില്‍ എത്രത്തോളം പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. ആരാധകര്‍ പ്രതീക്ഷിക്കുന്നത് പോലെ മികച്ച അദ്ദേഹം തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് ആകാശാമിഠായി. എന്നാലിപ്പോള്‍ ചിത്രം റിലീസ് ചെയ്തിട്ടും പബ്ലിസിറ്റിയുടെ കുറവ് കാരണം തീയറ്ററുകളില്‍ ആളില്ല. 

സിനിമ കണ്ടവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഞാനും ചിത്രം കണ്ടു എനിക്ക് വ്യക്തിപരമായി ചിത്രം ഇഷ്ടപ്പെട്ടു. പബ്ലിസിറ്റിയുടെ കുറവിന്റെ പേരില്‍ ഇത്തരം ചെറിയ ചിത്രങ്ങള്‍ മരിക്കാന്‍ അനുവദിക്കരുത്. വലിയ ചിത്രങ്ങള്‍ പോലെ തന്നെ ചെറിയ ചിത്രങ്ങളും പ്രധാനമാണ്. ഈ സിനിമയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.