വിജയ് ചിത്രമായ മെര്‍സലിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമ്പോള്‍ ചിത്രത്തിന്‍റെ വ്യാജപതിപ്പ് കണ്ടെന്ന് തുറന്നുപറഞ്ഞ് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ബിജെപി നേതാവ് എച്ച് രാജ. ഒരു ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായെത്തിയ ബിജെപി നേതാവിനോട് 'താങ്കള്‍' സിനിമ കണ്ടോ എന്ന ചോദ്യത്തിന് 'നെറ്റില്‍ ഞാന്‍ കണ്ടിരുന്നു' എന്നായിരുന്നു രാജയുടെ മറുപടി. 

തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസില്‍ പ്രസിഡന്‍റും നടനുമായ വിശാല്‍ ഉള്‍പ്പെടെയുളളവര്‍ നേതാവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് നാണമില്ലേ എന്ന് വിശാല്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. 

'ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവ് പരസ്യമായി സമ്മതിക്കുന്നു താന്‍ പുതിയതായി റിലീസ് ചെയ്ത ചിത്രത്തിന്‍റെ വ്യാജ പതിപ്പ് സൈറ്റിലൂടെ കണ്ടുവെന്ന്. ഇനി സര്‍ക്കാര്‍ പൈറസിയെ നിയമപരമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ? സിനിമാ മേഖലയില്‍ ഉളളവരെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെയും മരണത്തിലേക്ക് തളളിവിടാനാണോ സര്‍ക്കാര്‍ ഒരുങ്ങുന്നത്? വിശാല്‍ ട്വറ്ററില്‍ കുറിച്ചു.

ചെയ്ത തെറ്റിന് നിരുപാധികമായി രാജ മാപ്പ് പറയണമെന്നും വിശാല്‍ ആവശ്യപ്പെടുന്നു. നടന്‍ പാര്‍ത്തിപന്‍ ഉള്‍പ്പെടെയുളളവര്‍ രാജയ്ക്കെതിരെ 
രംഗത്തെത്തിയിരുന്നു. അതേസമയം താന്‍ കണ്ടത് ഇന്‍റര്‍നെറ്റില്‍ വൈറലായ രംഗങ്ങള്‍ മാത്രമാണെന്ന് രാജ പിന്നീട് പ്രതികരിച്ചു.