ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച അതേ ചിത്രത്തിന് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി ഡോ ബിജു. സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രത്തിനാണ് ഡോ ബിജുവിന് ബംഗാള്‍ ടൈഗര്‍ പുരസ്കാരം ലഭിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് മേളയില്‍ ചിത്രത്തിന് ലഭിക്കുന്നത്.
കസാഖിസ്താന്‍, യുറേഷ്യ, മോണ്‍ട്രിയല്‍ മേളകളിലേക്കുള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു സൗണ്ട് ഓഫ് സൈലന്‍സ്. എന്നാല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളുടെ പട്ടികയില്‍ സൗണ്ട് ഓഫ് സൈലന്‍സ് ഉണ്ടായിരുന്നില്ല. 
ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കി പഹാഡി, ഹിന്ദി, ടിബറ്റന്‍ ഭാഷകളിലും പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഡോ ബിജുവിന്റെ ആദ്യ ഇതര ഭാഷാ ചിത്രം കൂടിയാണ്. ഹിമാചല്‍ താഴ്വാരകളില്‍ ചിത്രീകരിച്ച സൌണ്ട് ഓഫ് സൈലന്സ് ബുദ്ധ സന്യാസിമാരുടെ ജീവിത പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അനാഥ ബാലന്‍റെ കഥയാണ് ചിത്രം പറയുന്നത്.
ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കാത്ത ചിത്രങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന സമാന്തര മേളയില്‍ സൗണ്ട് ഓഫ് സൈലന്‍സും പ്രദര്‍ശനത്തിനെത്തും. സനല്‍ കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗയും ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ചിത്രവും സമാന്തരമേളയില്‍ പ്രദര്ശനത്തിനെത്തുന്നുണ്ട്.
