ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം.

ഫ്‌ളെക്‌സിബിള്‍ ആയി അഭിനയിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന പഴയ മോഹന്‍ലാലിനെ ഡ്രാമയിലൂടെ വീണ്ടും കാണാനാകുമെന്ന് രഞ്ജിത്ത്. അല്ലാതെ അതിമാനുഷികതയുള്ള നായകനല്ല തന്റെ പുതിയ ചിത്രത്തിലേതെന്നും ചിത്രഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറയുന്നു.

അതിമാനുഷികനായ നായകനെയോ തീയേറ്ററില്‍ സീറ്റ് എഡ്ജില്‍ ഇരുന്ന് കാണേണ്ട ഒരു കഥയോ പറയുന്ന സിനിമയല്ല ഡ്രാമ. 

'ഗൗരവമായൊരു വിഷയത്തെ കൗതുകത്തോടെയും തമാശ കലര്‍ത്തിയും അവതരിപ്പിക്കാനാണ് ശ്രമിച്ചത്. തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ശൂന്യതയുണ്ടാകില്ല. മുന്‍വിധികളില്ലാതെ എത്തുന്നവരെ ചിത്രം രസിപ്പിക്കും.' സ്വന്തം കുടുംബ ബന്ധങ്ങളെക്കുറിച്ച് പ്രേക്ഷകരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാകും ഡ്രാമയെന്നും രഞ്ജിത്ത് പറയുന്നു.

ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.