ഇത്തിക്കരപ്പക്കിക്ക് ആദ്യം തീരുമാനിച്ചത് മുണ്ടുടുത്ത ലുക്ക് എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു
കൊച്ചി:റോഷന് ആന്ഡ്രൂസിന്റെ വരാനിരിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്ലാലിന്റെ ഗെറ്റപ്പ് വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. നിവിന് പോളി ടൈറ്റില് കഥാപാത്രമായെത്തുന്ന ചിത്രത്തില് ഇത്തിക്കര പക്കിയായാണ് മോഹന്ലാല് എത്തുന്നത്. മോഹന്ലാല് കഥാപാത്രത്തിന്റെ വേഷവിധാനം കൗതുകമുണര്ത്തുന്നതാണെങ്കിലും പഴയ കേരളത്തില് ഇത്തരത്തിലൊരു വസ്ത്രധാരണ രീതി നിലവിലിരുന്നോ എന്ന വിമര്ശനവും ചിലര് സോഷ്യല് മീഡിയയില് ഉയര്ത്തിയിരുന്നു. ഇത്തിക്കര പക്കിയുടേതടക്കം ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളും മേക്കപ്പും എത്തരത്തില് തീരുമാനിച്ചുവെന്ന് വിശദമാക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാര്. മോഹന്ലാലിനായി മുണ്ടുടുത്ത മറ്റൊരു ലുക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാല് ഇത്തിക്കരപക്കി കൂടുതലും ഉപയോഗിച്ചത് മോഷ്ടിച്ച വസ്ത്രങ്ങളാണെന്നതിനാലും മോഹന്ലാലിനെ മുണ്ടുടുത്ത് ഏറെ കണ്ടിട്ടുള്ളതിനാലും ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നെന്ന് അണിയറക്കാര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എട്ടുമണിക്കൂറോളമാണ് നിവിന് പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി മാത്രം അണിയറപ്രവര്ത്തകര് ചിലവിട്ടത്. കായംകുളം കൊച്ചുണ്ണിക്കായി ആവശ്യമെങ്കില് മുടി പറ്റെവെട്ടാമെന്ന് നിവിന് പോളി സമ്മതിച്ചിരുന്നു. മുണ്ടുടുത്ത കൊച്ചുണ്ണിയില് നിന്നും ഏറെ മാറ്റങ്ങള് വരുത്തിയാണ് നിവിന് പോളിയുടെ പുതിയ ലുക്കിലേക്ക് എത്തിച്ചേര്ന്നതെന്ന് അണിയറക്കാര് പറയുന്നു. കായംകുളം കൊച്ചുണ്ണിയിലെ ജാനകിയായി ആദ്യം നിശ്ചയിച്ചത് അമല പോളിനെയായിരുന്നു. പിന്നീട് ഈ കഥാപാത്രം പ്രിയ ആനന്ദിലേക്കെത്തുകയായിരുന്നു. എന്നാല് ജാനകിക്ക് വേണ്ടി ഉണ്ടാക്കിയ ലുക്ക് അമല പോളില് നിന്നും പ്രിയ ആനന്ദിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് അണിയറ പ്രവര്ത്തകര് പറയുന്നു.

കഥാപാത്രങ്ങളുടെ ലുക്ക് തീരുമാനിച്ചതിനെക്കുറിച്ച് അണിയറക്കാര്
കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ പൂർത്തിയായപ്പോൾ മുതൽ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഓരോ കഥാപാത്രങ്ങളുടെയും ലുക്ക് എങ്ങനെ ഉള്ളതായിരിക്കണമെന്നുള്ള തീരുമാനം കൈക്കൊള്ളുന്നതായിരുന്നു. കൊച്ചുണ്ണി, ഇത്തിക്കര പക്കി, ജാനകി, കേശവൻ, തങ്ങൾ ഇങ്ങനെ ഓരോരുത്തരേയും പ്രേക്ഷകന് ഇഷ്ടപ്പെടുന്ന വിധത്തിൽ എങ്ങനെ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. റിസേർച്ച് ടീം കണ്ടെത്തിയ പല വിവരങ്ങളും കൂട്ടിച്ചേർത്ത് കോസ്റ്റ്യൂം ഡിസൈനറായ ധന്യ ബാലകൃഷ്ണനോടും പിന്നീട് മേക്കപ്പ്മാൻ രഞ്ജിത്ത് അമ്പാടിയോടും സംവിധായകൻ റോഷൻ ആൻഡ്രൂസ് ചർച്ച ചെയ്തു. അതിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങൾ ബാഹുബലിയുടെ വിഎഫ്എക്സും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും ചെയ്ത സുഹൃത്ത് സനതുമായി പങ്കുവെക്കുകയും ചെയ്തു. താൻ മനസ്സിൽ സൃഷ്ടിച്ചെടുത്തിരിക്കുന്നത് പോലെ ഓരോ കഥാപാത്രങ്ങളും എങ്ങനെ ആയിരിക്കണമെന്ന നിർദേശങ്ങൾ സംവിധായകൻ അവർക്ക് നൽകുകയും ഒരു മാസത്തോളം പല റഫറൻസുകളും സ്കെച്ചുകളും അവർ അദ്ദേഹത്തിന് നൽകുകയും ചെയ്തു. അതിൽ നിന്നും കൊച്ചുണ്ണിക്കും ഇത്തിക്കര പക്കിക്കുമെല്ലാമുള്ള കൃത്യമായ ലുക്കുകൾ സംവിധായകൻ നിശ്ചയിക്കുകയും അത് തിരക്കഥാകൃത്തുക്കളായ സഞ്ജയ് - ബോബിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

ഏറെ വൈറലായി തീർന്ന മോഹൻലാലിൻറെ ഇത്തിക്കര പക്കിയുടെ ആ ലുക്കിന് പകരം മറ്റൊന്നായിരുന്നു 90 ശതമാനം അണിയറപ്രവർത്തകർക്കും ഇഷ്ടപ്പെട്ടത്. മുണ്ട് ഉടുത്തുള്ള ഇത്തിക്കര പക്കിയുടെ ഒരു ലുക്ക് ഉണ്ടായിരുന്നു. പക്ഷേ മോഹൻലാലിനെ മുണ്ടുടുത്ത് ഏറെ കണ്ടിട്ടുള്ളതിനാൽ ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ഇത്തിക്കര പക്കി കൂടുതലും മോഷ്ടിച്ച വസ്ത്രങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന വസ്തുതയും ഇപ്പോൾ നാം കാണുന്ന ആ ലുക്കിൽ എത്തിച്ചേരുവാൻ ഏറെ സഹായിച്ചു. കായംകുളം കൊച്ചുണ്ണിയുടെ കാര്യത്തിലാകട്ടെ മലയാളികൾ കണ്ടിട്ടുള്ളത് മുണ്ട് ഉടുത്തുള്ള കൊച്ചുണ്ണിയെയാണ്. എന്നാൽ കായംകുളം കൊച്ചുണ്ണിയായി തീർന്നതിന് ശേഷം ആയുധങ്ങളും മറ്റുമായി അദ്ദേഹത്തിന്റെ വേഷവിധാനത്തിൽ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആവശ്യമെങ്കിൽ തലമുടി പറ്റെ വെട്ടാമെന്ന് നിവിൻ പോളി സംവിധായകനെ അറിയിക്കുകയും ചെയ്തു. ഏകദേശം എട്ടു മണിക്കൂറോളം നിവിന്റെ ലുക്കിന് വേണ്ടി ചിലവിടുകയും ചെയ്തു. ജാനകിയായി ആദ്യം നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു. അതിനനുസൃതമായി തയ്യാറാക്കിയിരുന്ന ലുക്ക് പ്രിയ ആനന്ദിലേക്ക് മാറ്റുക മാത്രമാണ് ജാനകിക്കായി ചെയ്തത്. സണ്ണി വെയ്ൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ എന്നിങ്ങനെ ഓരോരുത്തരുടെയും ലുക്ക് അവരുടെ ശരീരഘടനക്ക് അനുസൃതമായി വിശദമായി തന്നെ ചർച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്തതാണ്. ജൂനിയർ ആർട്ടിസ്റ്റുകളുടെ ഹെയർ സ്റ്റൈൽ പോലും ക്രിയേറ്റീവ് മീറ്റിങ്ങിൽ നിശ്ചയിച്ചിരുന്നു. സംവിധായകനും സനതും ചേർന്നൊരുക്കിയ ആ സ്കെച്ചുകൾ പ്രാവർത്തികമാക്കി തീർത്ത ധന്യയും രഞ്ജിത്തും എല്ലാത്തരത്തിലുമുള്ള പ്രശംസക്കും അർഹരാണ്.
സനിതിന്റെ വാക്കുകളിലൂടെ..
"കായംകുളം കൊച്ചുണ്ണിയുടെ ക്യാരക്ടർ ഡിസൈനും ലൊക്കേഷനും ഏതെങ്കിലും ഒരു ഫോട്ടോയിൽ നിന്നും പുനർസൃഷ്ടിച്ചെടുത്ത ഒന്നല്ല. മറിച്ച് കൊച്ചുണ്ണി ജീവിച്ച കാലഘട്ടം, അന്നത്തെ സാമൂഹിക, സാംസ്കാരിക, സാമുദായിക ഘടകങ്ങൾ എല്ലാത്തിനെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്. ആ ഒരു പശ്ചാത്തലത്തിലൂന്നി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെയും ഭരണകൂടത്തിന്റെയും കിരാതഭരണത്തിൽ സഹനങ്ങൾ ഏറ്റുവാങ്ങിയ അടിമകളുടെ ഒരു ചിത്രം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അവർ പോരാട്ടത്തിനിറങ്ങിയപ്പോൾ അവർക്ക് സ്വന്തമെന്ന് പറയുവാൻ തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. അവർ നടത്തിയ കൊള്ളകളിൽ നിന്നുമാണ് അവർക്കുള്ളത് കണ്ടെത്തിയിരുന്നത്. അതിനാൽ തന്നെ ബ്രിട്ടീഷുകാരുടെ ബൂട്ടണിഞ്ഞ, ഉന്നതന്മാരുടെ പടവാളേന്തിയ ഇത്തിക്കര പക്കിയെ നമുക്ക് കാണാൻ സാധിക്കും. ചൈനീസ് വ്യാപാരിയിൽ നിന്നും കൊള്ള ചെയ്ത ഫാൻസി ഒബ്ജെക്ട് വരെ നമുക്ക് കാണാം"
ഇത്തിക്കര പക്കിയുടെ ആ ലുക്കിൽ എൺപത് ശതമാനത്തോളം ക്രെഡിറ്റും ലാലേട്ടന് തന്നെയാണ്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവം പക്കിക്ക് വേണമെന്ന് സംവിധായകൻ പറയുകയും മോഹൻലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേർന്ന് അതൊരുക്കി തരികയും ചെയ്തു. 1830കളിലെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയിൽ അതിനനുസരിച്ചാണ് ഓരോ കഥാപാത്രങ്ങളും എത്തുന്നത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ ഈ കഥാപാത്രങ്ങൾക്ക് അവരുടെ ലുക്കുകൾ കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.അതിനെല്ലാം ഉപരി കായംകുളം കൊച്ചുണ്ണിയിൽ കേരളം കാത്തിരിക്കുന്ന ഒരു 'രഹസ്യവുമുണ്ട്' ...!!!
