ദുല്‍ഖര്‍ സല്‍മാന്റേതായി ഒരു മലയാളചിത്രം പോലും കഴിഞ്ഞ വര്‍ഷം തീയേറ്ററുകളിലെത്തിയിരുന്നില്ല. തെലുങ്ക് ചിത്രം മഹാനടിയും ബോളിവുഡ് ചിത്രം കര്‍വാനുമായിരുന്നു ദുല്‍ഖറിന്റെ രണ്ട് റിലീസുകള്‍. പുതുവര്‍ഷത്തില്‍ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നതും മലയാളത്തിലല്ല. ഒരു തമിഴ് ചിത്രത്തിലാണ്.

'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേസിംഗ് പെരിയസാമിയാണ്. റിതു വര്‍മ്മ നായികയാവുന്ന ചിത്രത്തില്‍ വിജയ് ടിവി അവതാരകന്‍ രക്ഷനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. എന്നാല്‍ ചിത്രത്തിലെ മറ്റൊരു കൗതുകകരമായ താരനിര്‍ണയം ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. സംവിധായകന്‍ ഗൗതം വസുദേവ് മേനോനാണ് ചിത്രത്തിലെ സര്‍പ്രൈസ് കാസ്റ്റ്. ഗൗതം മേനോന്റേതാണ് ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രമെന്നാണ് ദുല്‍ഖര്‍ പറയുന്നത്.