പയ്യന്നൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ ഈടയുടെ പ്രദര്‍ശനം പയ്യന്നൂരില്‍ തടഞ്ഞെന്ന ആരോപണം തള്ളി തീയറ്റര്‍ ഉടമ. നേരത്തെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് ഫേസ്ബുക്ക് ലൈവിലൂടെ ആരോപണവുമായി എത്തിയത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

അക്രമ രാഷ്ട്രീയം സാധാരണക്കാരുടെ പ്രണയത്തേയും ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും പ്രമേയമാക്കുന്ന സിനിമയാണ് ബി അജിത്കുമാർ സംവിധാനം ചെയ്ത ഈട. ഷെയിൻ നിഗവും നിമിഷ സഞ്ജയനും ജോഡികളായ സിനിമ പ്രണയകഥയെന്ന നിലയിലാണ് തീയറ്ററുകളിൽ എത്തിയതെങ്കിലും സിനിമയുടെ രാഷ്ട്രീയം സോഷ്യല്‍ മീഡിയില്‍ അടക്കം ചര്‍ച്ചയാകുന്നുണ്ട്.

ഇതിന് പിന്നാലെയാണ് സുധാകരന്‍റെ ഫേസ്ബുക്ക് ലൈവ് എത്തിയത്, സിപിഎം പ്രവർത്തകർ ഇടപെട്ട് സിനിമക്ക് ടിക്കറ്റെടുത്തുവരെ പിന്തിരിപ്പിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. പയ്യന്നൂരിൽ ഇത്തരം ഒരും സംഭവമുണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്തെത്തി. പയ്യന്നൂരിലെ സുമഗംലി തീയറ്ററില്‍ സിനിമ കാണാനെത്തിയവരെ പിന്തിപ്പിച്ച് വിരട്ടിയോടിച്ചത് സിപിഎം പ്രവർത്തകരാണെന്നാണ് സുധാകരൻ ഫേസ്‌ബുക്ക് ലൈവിലൂടെ ആരോപിച്ചത്.

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിച്ച തിയറ്റര്‍ അധികാരിയായ ഗണേശന്‍ ഈ ആരോപണം തള്ളി. കഴിഞ്ഞ ദിവസം വരെ 4 ഷോയാണ് ഈട കളിച്ചത്. അതായിരുന്നു വിതരണക്കാരുമായുണ്ടായ കരാര്‍. എന്നാല്‍ പടത്തിന് പൊതുവേ ആളുകള്‍ കുറവായതിനാലും പുതിയ ചിത്രങ്ങള്‍ വന്നതിനാലും ഇന്ന് രണ്ട് ഷോയായിരുന്നു. അതില്‍ മാറ്റിനി പ്രദര്‍ശിപ്പിച്ചിരുന്നു രാത്രി ഷോയ്ക്ക് ആളില്ലത്തതിനാല്‍ കളിക്കാന്‍ സാധിച്ചില്ല. അതിന്‍റെ പേരില്‍ എന്തിനാണ് നുണ പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല. തങ്ങള്‍ക്ക് ഔദ്യോഗികമായ അനൗദ്യോഗികമായോ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഗണേഷന്‍ കൂട്ടിച്ചേര്‍ത്തു. നാളെ മുതല്‍ രണ്ട് ഷോയായി ഈട കളിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.