ടൊവീനോ തോമസ് നായകനായെത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ഫേയ്സ്ബുക്കിലൂടെ ടീസർ പുറത്തിറക്കിയത്. ചിത്രത്തിൽ വാപ്പാന്റെ ഭാര്യമാരിൽ ഉമ്മാനെ തേടി നടക്കുന്ന ചെറുപ്പക്കാരന്റെ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  

ആന്റോ ജോസഫ് ഫിലിം കമ്പനി അല്‍ താരി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കൊപ്പമാണ് ടൊവീനോ എത്തുന്നത്. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ജോസ് സെബാസ്റ്റ്യനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സംവിധായകനൊപ്പം ശരത് ആര്‍ നാഥും ചേര്‍ന്നാണ് രചന. സംഗീതം ഗോപിസുന്ദർ, മഹേഷ് നാരായണന്‍ എഡിറ്റിംഗ്. സന്തോഷ് നാരായൺ ആർട്. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനെൽ ആണ് ക്യാമറ.  

ചിത്രത്തിൽ മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിയേറ്ററുകളില്‍ വിജയം നേടിയ അരവിന്ദന്റെ അതിഥികളിലെ ഗിരിജയ്ക്ക് ശേഷം ഉര്‍വ്വശിക്ക് ലഭിക്കുന്ന സാധ്യതകളുള്ള കഥാപാത്രമാവും ചിത്രത്തിലേത്.