പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പിന് എതിരെ തമിഴ്, മലയാളം ആരാധകരുടെ പരിഹാസം സഹിക്കാതെ മലരേ എന്ന ഗാനത്തിന്‍റെ തെലുങ്ക് പതിപ്പ് എവരേയുടെ യൂട്യൂബ് പേജിലെ കമന്‍റ് ബോക്‌സ് പൂട്ടി. കമന്റ് ബോക്‌സ് പൂട്ടിയതോടെ ഇനിയാര്‍ക്കും പേജിന്‍റെ താഴെയുള്ള കമന്‍റ് ബോക്സില്‍ ഒന്നും എഴുതാന്‍ സാധിക്കില്ല. നേരത്തെ ഗാനം റിലീസ് ചെയ്തതിന് ശേഷം കമന്‍റ് ബോക്‌സില്‍ വന്നു നിറഞ്ഞ തെറി വിളിയും ട്രോളും കാരണമാണ് കമന്റ്‌ബോക്‌സ് പൂട്ടിയെതന്ന് കരുതുന്നു.

തെലുങ്കില്‍ നാഗചൈതന്യയും ശ്രുതി ഹാസനും നായികാനായകന്മാരാകുന്ന ‘പ്രേമം’ റീമേക്ക് ആദ്യ അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാവൃത്തങ്ങളില്‍ സവിശേഷശ്രദ്ധ നേടിയിരുന്നു. പ്രോജക്ട് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ #RIPPremam എന്നൊരു ഹാഷ് ടാഗ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തങ്ങള്‍ ഹൃദയത്തിലേറ്റിയ പ്രിയചിത്രത്തിന്റെ ഒരു റീമേക്ക് കാണാന്‍ ‘ശക്തിയില്ലാത്ത’ ആരാധകരാരോ പ്രചരിപ്പിച്ചതായിരുന്നു അത്.

മലയാളം ‘പ്രേമ’ത്തിലെ ‘മലരേ’ എന്ന ഗാനം തെലുങ്ക് പതിപ്പില്‍ അതേ ഈണത്തില്‍ മൊഴിമാറ്റിയാണ് എത്തുന്നത്. മലയാളത്തില്‍ പാടിയ വിജയ് യേശുദാസ് തന്നെയാണ് തെലുങ്കിലും പാടിയിരിക്കുന്നത്. മലയാളത്തില്‍ നിവിന്‍ പോളിയുടെ സ്ഥാനത്ത് അക്കിനേനി നാഗചൈതന്യയെയും സായ് പല്ലവിയുടെ സ്ഥാനത്ത് ശ്രുതി ഹാസനെയും കണ്ടിട്ട് ‘പ്രേമം’ ആരാധകര്‍ക്ക് സഹിച്ചില്ല.