കൊച്ചി: വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും സൂക്ഷ്മ അഭിനയവുമായി യാത്ര തുടരുകയാണ് ഫഹദ് ഫാസില്‍. എങ്കിലും സിനിമയുടെയും മാധ്യമങ്ങളുടെയും തിരക്കുകളില്‍ നിന്ന് കൃത്യമായി അകലം പാലിച്ചാണ് ഫഹദിന്റെ യാത്ര. അതിനു കൃത്യമായ കാരണവും ഫഹദിനുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയേയും ജീവിതത്തേയും കുറിച്ചുള്ള തന്റെ നിലപാടുകള്‍ ഫഹദ് വ്യക്തമാക്കി.
സ്റ്റാര്‍ഡത്തില്‍ വിശ്വാസമില്ല. ആ ഏരിയയിലേയ്‌ക്കേ ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്, അത് വിട്ടു കളിയില്ല. എന്‍റെ കരിയര്‍ അതിന് തടസ്സമാണെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാനും ഞാന്‍ തയ്യാറാണ്. സിനിമ കഴിഞ്ഞാന്‍ അതില്‍ നിന്ന് ഡിസ്‌കണക്ടഡ് ആയിരിക്കുമെന്നും ഫഹദ് പറയുന്നു.
നസ്രിയയുമൊന്നിച്ചുള്ള സിനിമയെക്കുറിച്ചും ഫഹദ് വ്യക്തമാക്കി. ഞാനും നസ്രിയയും പുതിയ ഫ്‌ലാറ്റിലേയ്ക്ക് മാറി. ഞങ്ങളുടെതായ ലോകത്താണ്. കുടുംബ ജീവിതം ആസ്വദിക്കുന്നു. രണ്ടു പേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ചിത്രം വന്നാല്‍ ചെയ്യും. ഇപ്പോള്‍ അത്തരത്തിലൊന്നില്ലെന്നും ഫഹദ് പറഞ്ഞു. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഉടന്‍ തീയറ്ററുകളിലെത്തും.
