ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച ആന്‍റണി ഒരു കാലത്ത് നാടക പുസ്തകങ്ങള്‍ കൊണ്ട് നടന്ന് വില്പന നടത്തിയിരുന്നു. ചവിട്ടുനാടങ്ങളിലൂടെയാണ് ഇദ്ദേഹം നാടക രംഗത്തേക്ക് കടക്കുന്നത്.  കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ മാത്രമെഴുതുന്ന നാടക രചയിതാവായിട്ടാണ് പി ജെ ആന്‍റണിയുടെ സംഘത്തിലേക്ക് കെ എല്‍ ആൻറണി കടന്നുവരുന്നത്. പിന്നീട് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിക്ക് നേത‍ൃത്വം നല്‍കി

കൊച്ചി: മഹേഷിന്‍റെ പ്രതികാരത്തിലെ അച്ഛന്‍ വേഷം അവിസ്മരണീയമാക്കിയ ആന്‍റണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസില്‍. അദ്ദേഹത്തിന്‍റെ മരണം വളരെ പെട്ടന്ന് ആയിപ്പോയെന്ന് കുറിച്ച ഫഹദ് അറിഞ്ഞതിലും കണ്ടതിലും സുന്ദരമായ മനുഷ്യനായിരുന്നു ആന്‍റണിയെന്നും വ്യക്തമാക്കി. നമുക്ക് അവിടെവച്ച് വീണ്ടും കണ്ടുമുട്ടാം, ഇപ്പോള്‍ വിട പറയുന്നുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് ഉച്ചയോടെയാണ് നാടക സംവിധായകനും നടനുമായ കെ എൽ ആൻറണി (70) കൊച്ചിയിൽ വച്ച് നിര്യാതനായത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹേഷിന്റെ പ്രതികാരത്തിന് പുറമെ ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമകളിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച ആന്‍റണി ഒരു കാലത്ത് നാടക പുസ്തകങ്ങള്‍ കൊണ്ട് നടന്ന് വില്പന നടത്തിയിരുന്നു. ചവിട്ടുനാടങ്ങളിലൂടെയാണ് ഇദ്ദേഹം നാടക രംഗത്തേക്ക് കടക്കുന്നത്. കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ മാത്രമെഴുതുന്ന നാടക രചയിതാവായിട്ടാണ് പി ജെ ആന്‍റണിയുടെ സംഘത്തിലേക്ക് കെ എല്‍ ആൻറണി കടന്നുവരുന്നത്. പിന്നീട് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിക്ക് നേത‍ൃത്വം നല്‍കി. 

അടിയന്തരാവസ്ഥാ കാലത്ത് രാജന്‍ സംഭവത്തെ അടിസ്ഥാനമാക്കി കെ എല്‍ ആന്‍റണി എഴുതിയ 'ഇരുട്ടറ' എന്ന നാടകം വിവാദമായിരുന്നു. നാടക പുസ്തകങ്ങള്‍ മറ്റ് പ്രസാധകര്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ സ്വന്തമായി നാടക ഗ്രന്ഥങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച ഇദ്ദേഹം, പുസ്തകങ്ങള്‍ കൊണ്ടു നടന്ന് വിറ്റിരുന്നു. 

കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം തുടങ്ങിയ നാടകങ്ങള്‍ കെ എല്‍ ആൻറണി എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചവയാണ്. നാടക നടിയായ ലീനയാണ് ഭാര്യ. അമ്പിളി, ലാസർ ഷൈൻ ( മാധ്യമ പ്രവർത്തകന്‍ ), നാന്‍സി എന്നിവര്‍ മക്കളാണ്