പത്ത് ഫഹദ് ഫാസിലിന് കമ്മട്ടിപ്പാടത്തിലെ വിനായകന്‍ ചെയ്ത റോള്‍ ചെയ്യാന്‍ പറ്റില്ലെന്ന് അഭിപ്രായപ്പെട്ട ഫഹദ് ഫാസില്‍. ഒരു സ്വകാര്യ ചാനലിന് നല്‍കി അഭിമുഖത്തിലാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിനായകനെ ഫഹദ് അഭിനന്ദനങ്ങളാല്‍ മൂടിയത്. ചിലപ്പോള്‍ വിനായകനെ വച്ച് ചെയ്താലും മഹേഷിന്റെ പ്രതികാരം നന്നാകും. എന്നാല്‍ പത്ത് ഫഹദ് ഫാസില്‍ അഭിനയിച്ചാലും കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്ത കഥാപാത്രം ചെയ്യാനാകില്ലെന്നും ഫഹദ് പറഞ്ഞു.

മഹേഷിന്റെ പ്രതികാരത്തിനുശേഷം ഒരു ഇടവേള എടുത്തത് സ്വകാര്യജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയായിരുന്നു. പൊതുവെ താനൊരു മടിയനാണെന്നും സെലക്ടീവാകാന്‍ വേണ്ടിയല്ലായിരുന്നു ഇടവേളയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പുരസ്‌കാരത്തിനായി മഹേഷിന്റെ പ്രതികാരം വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന അഭിപ്രായം തനിക്കില്ലെന്നും പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുന്നോ എന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും ഫഹദ് വ്യക്തമാക്കി.