സിനിമകളും കാണാം കേരളത്തിലെ കാഴ്ചകളും ആസ്വദിക്കാം. സിംഗപ്പൂരില്‍ നിന്നു കുടുംബസമേതം എത്തിയ ചലച്ചിത്രമേളക്കെത്തിയ സംവിധായകന്‍ ഗ്രെന്‍ സെങ് മേള കഴിഞ്ഞാലും കേരളത്തില്‍ നിന്നും ഉടന്‍ മടങ്ങില്ല.

ഗ്രെന്‍ സെങ്ങും ഭാര്യ ജൂന്‍ ചുവായും ഹാപ്പിയായി തിയേറ്ററുകളില്‍  കറങ്ങുകയാണ്. മത്സരവിഭാഗത്തിലാണ് ഗ്രെന്നിന്റെ സിനിമ ദി. റിട്ടേണ്‍. സുവര്‍ണ്ണ ചകോരം കിട്ടുമോ ഇല്ലയോ എന്നൊക്കെയുള്ള ഒരു ടെന്‍ഷനുമില്ല. നിറയെ സിനിമകള്‍ കാണണം. ഒപ്പം ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകളും.

മേള തീര്‍ന്നാല്‍ പിന്നെ ഇവരുടെ ലക്ഷ്യം കൊച്ചി ബിനാലെ, പിന്നെ ആലപ്പുഴയില്‍ ബോട്ട് സവാരി. ഉടനെയൊന്നും മടക്കമില്ല.

മനസ്സ് നിറയെ കേരള കാഴ്ചകളുമായി മടങ്ങണം അതാണ് ആഗ്രഹം. നാട്ടിലെത്തിയാല്‍ അടുത്ത സിനിമ തുടങ്ങും. അടുത്ത വര്‍ഷം മേളയിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും ഗ്രെന്നും ഭാര്യയും തലസ്ഥാനത്തെത്തും കൂടെ മക്കളുമുണ്ടാകും.