സല്‍മാന്‍ ഖാനെ കാണാന്‍ 15കാരി വീട്ടില്‍ നിന്ന് മുങ്ങി; സിനിമയെ വെല്ലുന്ന സംഭവം

താരാരാധനയുടെ പേരില്‍ ചെയ്യുന്ന കാര്യങ്ങള്‍ പലര്‍ക്കും വ്യത്യസ്തമാണ്. ചിലര്‍ ക്ഷേത്രം പണിയുമ്പോള്‍ ചിലര്‍ പച്ചകുത്തുന്നു... അങ്ങനെ ചെയ്തികള്‍ പലതരമുണ്ട്. എന്നാല്‍ ഇവിടെ ഒരു പതിനഞ്ചുകാരി മധ്യപ്രദേശില്‍ നിന്ന് വീട്ടുകാരറിയാതെ മുംബൈയിലേക്ക് മുങ്ങുകയാണ്, കാര്യം മറ്റൊന്നുമല്ല... ഇഷ്ടതാരമായ സല്‍മാന്‍ ഖാനെ കാണാന്‍. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് പിന്നീട് സംഭവിച്ചത്.

മുംബൈയില്‍ എത്തിയ പെണ്‍കുട്ടി ഒടുവില്‍ സല്‍മാന്‍ ഖാന്‍റെ വീടു കണ്ടുപിടിച്ചു. ഗേറ്റ് വഴി കടക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. സല്‍മാന്‍ ഖാന്‍ വീട്ടില്‍ ഇല്ലെന്നു പറഞ്ഞിട്ടും പെണ്‍കുട്ടി വിട്ടില്ല. ഒടുവില്‍ അവിടെ നിന്ന് തിരിച്ചുപോയി വീണ്ടും സല്‍മാന്‍റെ വീട്ടിലെത്തി. എന്നാല്‍ അപ്പോഴും സുരക്ഷാ ജീവനക്കാര്‍ പിടികൂടി.

തിരികെ പോയ പെണ്‍കുട്ടി വീണ്ടും തിരിച്ചെത്തി. എന്നാല്‍ ഇത്തവണ ഗേറ്റ് വഴി കടക്കാന്‍ ശ്രമിച്ചില്ല പകരം മതിലു ചാടി. ആ മതിലു ചാട്ടവും പിടിക്കപ്പെട്ടു. ഇത്തവണ സുരക്ഷാ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. പൊലീസ് വന്നപ്പോള്‍ സല്‍മാനെ കാണാതെ പോകില്ലെന്ന് പെണ്‍കുട്ടി വാശി പിടിച്ചു. ഒടുവില്‍ അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.

ഭോപ്പാലിലെ ബരാസ്യ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടി മുംബൈയിലേക്കെത്തിയതെന്ന് വ്യക്തമായി. വീട്ടുകാര്‍ അറിയാതെയാണ് വീട്ടില്‍ നിന്ന് മുങ്ങിയതെന്നും വ്യക്തമായതോടെ പൊലീസ് ഉടന്‍ വീട്ടിലേക്ക് വിവരം അറിയിച്ചു. ഇപ്പോള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ വീട്ടുകാര്‍ നേരിട്ടെത്താമെന്ന് അറിയിച്ചിരിക്കുകയാണ്. പ്രിയ താരത്തെ കാണാന്‍ സാധിക്കാതെ തിരിച്ചുപോകില്ലെന്ന വാശിയിലാണ് പെണ്‍കുട്ടി. സംഭവം വാര്‍ത്തയായതോടെ വന്‍ പിന്തുണയാണ് പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.