മോശം കമന്റുകൾ വരുമോ എന്ന് ഭയന്നിരുന്നുവെങ്കിലും, കുടുംബത്തിന്റെയും വിദ്യാർത്ഥികളുടെയും പിന്തുണയോടെ ആ പ്രതിസന്ധി അതിജീവിച്ചതായി ശാലു മേനോൻ പറയുന്നു. Actress Shalu Menon shares about her jail experience after arrested in controversial solar case

ചെറിയ പ്രായം തൊട്ടേ സിനിമയിലും മിനിസ്ക്രീനിലും സജീവമായ ശാലു മേനോൻ നൃത്തത്തിലും സജീവമാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിൽ 2013 ൽ നടി ശാലു മേനോൻ അറസ്റ്റിലായത് വലിയ ചർച്ചയായിരുന്നു. അറസ്റ്റിന് പിന്നാലെ 49 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ശാലു മേനോൻ പുറത്തിറങ്ങിയത്. ഇപ്പോഴിതാ അറസ്റ്റിലായതിന് ശേഷമുള്ള തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശാലു മേനോൻ. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ആളുകൾ കമന്റ് ചെയ്യുമോ എന്ന ഭയമുണ്ടായിരുന്നെന്നും, എന്നാൽ ദൈവത്തിന്റെ ശക്തിയിൽ താൻ അതെല്ലാം അതിജീവിച്ചെന്നും താരം പറയുന്നു.

"അന്ന് അമ്മയും അമ്മൂമ്മയും മാത്രമേ വീട്ടിൽ ഉള്ളൂ. എന്നെ ഏറ്റവും സപ്പോർട്ട് ചെയ്ത് നിന്നത് അമ്മയും അമ്മൂമ്മയും എന്റെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമായിരുന്നു. അത്രയും ദിവസങ്ങൾ അവരെന്റെ വീട്ടിൽ വന്ന് അമ്മയെ കാണുമായിരുന്നു. അമ്മ എന്നെ കാണാൻ വരുമ്പോൾ ഇത് പറയുമ്പോൾ എനിക്ക് സമാധാനമായിരുന്നു. അവരെല്ലാവരോടും ഞാൻ പറഞ്ഞത് ഒരു കാരണവശാലും എന്നെ കാണാൻ വരരുതെന്നാണ്. അതൊക്കെ നമുക്ക് ചിലപ്പോൾ താങ്ങാൻ പറ്റില്ല. അമ്മയിൽ നിന്ന് മാറി ഞാൻ നിന്നിരുന്നില്ല. എന്താകുമെന്ന പേടി അതിനാൽ അവർക്കുണ്ടായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ട കാര്യമില്ല. അവിടെ ചെന്നിട്ടുള്ള മാനസിക ബുദ്ധിമുട്ടുകൾ കുറച്ച് ദിവസം കഴിഞ്ഞ് മാറാൻ തുടങ്ങി. ബോൾഡായി. ജയിലിൽ‌ നിന്ന് വന്ന് നേരെ ക്ലാസെടുക്കാനാണ് പോയത്. ആ സംഭവത്തിന് ശേഷമാണ് നൃത്തത്തിൽ സജീവമായത്." ശാലു മേനോൻ പറയുന്നു.

'പുറത്തിറങ്ങിയിട്ട് മോശം കമന്റുകൾ വന്നിട്ടില്ല'

"എന്തെങ്കിലും ചോദിക്കുമോ, ആളുകൾ കമന്റ് ചെയ്യുമോ എന്നൊക്കെയുള്ള പേടി ജയിലിലായപ്പോൾ ഉണ്ടായിരുന്നു. ദെെവത്തിന്റെ ശക്തിയെന്ന് പറയാം. തിരിച്ച് വന്നപ്പോൾ ഇതൊക്കെ ഉള്ളിലുണ്ടെങ്കിലും ക്ലാസെടുത്ത് കുട്ടികളോട് സംസാരിച്ചു. പുറത്തിറങ്ങിയിട്ട് എനിക്ക് മോശം കമന്റുകൾ വന്നിട്ടില്ല. അതിന് ശേഷം പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. മോശം കമന്റുകളുമുണ്ടായിട്ടില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണത്. ജയിലിൽ ചെന്ന് ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നു. അവിടെ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടില്ല. ജയിലിൽ‌ എന്നും പ്രാർത്ഥനയുണ്ടാകും. പള്ളിയിൽ നിന്ന് ക്രിസ്ത്യൻസ് വരും. അതിന് ഞാൻ കയറും. വളരെ പോസിറ്റീവായിരുന്നു അവിടെ. വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ എന്നോട് എല്ലാവരും ചോദിച്ചത് ക്രിസ്ത്യൻ മതത്തിലേക്ക് മാറുമോ എന്നാണ്. കാരണം പ്രാർത്ഥനകൾ പഠിച്ചു. ജയിലിൽ നിന്നും ലഭിച്ച ബെെബിൾ ഞാൻ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്." ശാലു മേനോൻ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാലു മേനോന്റെ പ്രതികരണം.