കാനിലേക്ക് നന്ദിതയെ ഒരുക്കാന്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ തിരക്കുകൂട്ടി, നിരസിച്ചതിന് അവര്‍ക്ക് കാരണങ്ങളുണ്ട്ോ

സമാന്തര സിനിമകളിലൂടെ ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികളെ കീഴടക്കിയ സംവിധായകയും നടിയുമാണ് നന്ദിത ദാസ്. കഴിഞ്ഞ മാസം ഫ്രാന്‍സില്‍ നടന്ന കാന്‍ ചലചിത്രത്സോവത്തില്‍ നന്ദിതയുടെ ചിത്രം 'മാന്‍റോ'യും പ്രദര്‍ശനത്തിനുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ചല്ല ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. കാനില്‍ പങ്കെടുക്കാന്‍ വസ്ത്രത്തിനായി പ്രത്യേക ഡിസൈന്‍ തയ്യാറാക്കാനുള്ള പ്രമുഖ ഡിസൈനര്‍മാരുടെ വാഗ്ദാനങ്ങളെല്ലാം നന്ദിത നിരസിച്ചതാണ് വാര്‍ത്ത.

ഇക്കാര്യത്തില്‍ നന്ദിതയ്ക്ക് തന്‍റെതായ കാരണമുണ്ട്. 'കാനുകള്‍ വസ്ത്രം പ്രദര്‍ശിപ്പിക്കാനുളള ഇടമല്ല, മറിച്ച് സിനിമകളാണ് ഇവിടെ വിഷയമാകേണ്ടതെന്നാണ് അവരുടെ നിലപാട്. ധാരാളം ഡിസൈനര്‍മാര്‍ തന്നെ വിളിച്ചിരുന്നു. ചിലര്‍ പറ‍ഞ്ഞു ഈ സാരി മാറ്റാരോ ഉപയോഗിച്ചിട്ടുണ്ട് എന്ന്. അവരോടൊക്കെ ഞാന്‍ പറഞ്ഞു, "ഞാന്‍ എന്‍റെ സിനിമ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് എന്‍റെ വസ്ത്രത്തിന് മുന്‍തൂക്കം നല്‍കുന്നതെന്ന്.

ഈ വര്‍ഷമെങ്കിലും മറ്റ് വസ്ത്രം എന്തെങ്കിലും ഇടാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു ."എന്‍റെ അമ്മ എപ്പോഴും സാരി മാത്രമേ ധരിക്കാറുളളൂ. സാരിയുടുത്ത് എങ്ങനെയാണ് യാത്ര ചെയ്യുന്നത് എന്ന് എനിക്ക് മുമ്പ് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് ശീലമായി. ഇത്തവണയും സാരിയോ എന്ന് ചോദിക്കുന്നവരോട് വീണ്ടും, വീണ്ടും ഗൗണ്‍ ധരിച്ചാല്‍ അത് ബോറടിക്കില്ലേ? എന്ന് താന്‍ ചോദിക്കുമെന്നും നന്ദിത പറയുന്നു.

നന്ദിത പറ‍ഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ ഇത്തവണയും കാനില്‍ അവര്‍ക്ക് മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. കാനിന്‍റെ റെഡ് കാര്‍പറ്റിലും നന്ദിത സാധാരണ സാരിയുടുത്ത് തന്നെയാണ് എത്തിയത്. പൊതുചടങ്ങുകളിലും അഭിമുഖങ്ങളിലും നന്ദിത ദാസ് സാരിയല്ലാതെ മറ്റൊന്നും ധരിക്കാറില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.

.