പദ്മാവതി സിനിമയ്‍ക്കെതിരെ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും രാഷ്‍ട്രീയ നേതാക്കളും നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്‍തി അറിയിച്ച് സുപ്രിംകോടതി. ഉത്തരവാദിത്തമുള്ള പദവിയിൽ ഇരിക്കുന്നവർ സിനിമയ്‍ക്കെതിരെ നടത്തിയ പ്രസ്താവനകൾ അനുചിതമാണെന്നു കോടതി വ്യക്തമാക്കി. സെൻസർ ബോർഡ് സർട്ടിഫൈ ചെയ്യാനിരുന്ന ചിത്രത്തെ കുറിച്ച് ബോർഡ് അംഗങ്ങൾക്കിടയിൽ മുൻധാരണ ഉണ്ടാക്കാൻ ഇത്തരം പ്രസ്‍താവനകൾ വഴിയൊരുക്കും. സാമുദായിക ഐക്യം തകർക്കുന്നതാണ് ഇത്തരം പരാമർശങ്ങളെന്നും കോടതി പറഞ്ഞു.
ചിത്രത്തിൻറെ നിര്‍മാതാവിനെയും സംവിധായകനെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. അതേസമയം സെൻസർ ബോർഡ് സർട്ടിഫൈ ചെയ്യും വരെ സിനിമ വിദേശത്ത് പ്രദര്ശിപ്പിക്കില്ലെന്നു ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബാൻസാലി കോടതിയെ അറിയിച്ചു. ഡിസംബർ ഒന്നിന് വിദേശത്ത് ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
