സിനിമാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വീണ്ടും ഇടപെടുന്നു.സിനിമാ സംഘടനകളുമായി മന്ത്രി എകെ ബാലൻ 25 ന് തിരുവനന്തപുരത്ത് ചർച്ച നടത്തും.അ തിനിടെ എ ക്ലാസ് തീയേറ്റർ ഉടമകളുടെ സംഘടനായ എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർപ്പിലേക്ക് നീങ്ങി. ഫെഡറേഷൻ ട്രഷറർ ഉൾപ്പെടെ സംഘടന വിട്ട തീയറ്റർ ഉടമകളും നിർമാതാക്കളും നാളെ കൊച്ചിയിൽ യോഗം ചേർന്ന് പുതിയ സംഘടന രൂപീകരിക്കും.
സിനിമാ പ്രതിസന്ധി ഒരുമാസം പിന്നിടുന്പോഴാണ് പ്രശ്ന പരിഹാരത്തിനായി സർക്കാർ വീണ്ടും ഇടപെടുന്നത്. 25 ന് മന്ത്രി എ കെ ബാലന്റെ സാന്നിധ്യത്തിൽ നടത്തുന്ന ചർച്ചയിലേക്ക് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന
സംഘടനകളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്ന കാര്യത്തിനൊപ്പം സിനിമാ പ്രതിസന്ധിയും യോഗം ചർച്ച ചെയ്യും. നടൻ സുരേഷ് ഗോപി എംപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിനിടെ തീയറ്റർ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർപ്പിലേക്കെത്തി. ഫെഡറേഷൻ ട്രഷറർ കവിതാ സാജു സംഘടനയിൽ നിന്ന് രാജിവെച്ചു. ഇവിഎമ്മും മുത്തൂറ്റും ഉൾപ്പെടെയുളള തിയറ്റർ ഗ്രൂപ്പ് ഉടമകൾ സമരത്തിൽ നിന്ന് പിൻമാറി. നടൻ ദിലീപിന്‍റെയും നിർമാതാവ് ആന്‍റണി പെരുന്പാവൂരിന്‍റെയും സാന്നിധ്യത്തിൽ ഫെഡറേഷൻ വിട്ടവരുടെ പുതിയ സംഘടന നാളെ കൊച്ചിയിൽ രൂപീകരിക്കും. നിലവിൽ എക്സിബിറ്റേഴസ് ഫെഡറേഷന് കീഴിലുള്ള 56 തീയറ്ററുകളിലാണ് വിലക്ക് മറികടന്ന് തമിഴ് ചിത്രം ഭൈരവ പ്രദർശിപ്പിക്കുന്നത്. ഇവരെല്ലാം യോഗത്തിൽ പങ്കെടുക്കും. കൂടുതൽ തീയറ്റർ ഉടമകളെ കൂടി പുതിയ സംഘടനയിൽ എത്തിക്കാനാണ് നിർമാതാക്കളുടെ നീക്കം. 356 തീയറ്ററുകളാണ് ഫെഡറേഷന് കീഴിലുള്ളത്.
ജനുവരി 19ന്, റിലീസ് മുടങ്ങിക്കിടക്കുന്ന മലയാള ചിത്രങ്ങളിലൊന്ന് തീയറ്ററുകളിലെത്തിക്കാനാണ് നീക്കം. മോഹൻലാൽ ചിത്രം മുന്തിരി വള്ളികൾ തളിർക്കുന്പോൾ, സത്യൻ അന്തിക്കാട്-ദുൽഖർ ചിത്രം ജോമോന്‍റെ സുവിശേഷങ്ങൾ, സിദ്ധിഖ്-ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജ് ചിത്രം എസ്ര എന്നിലയുടെ റിലീസാണ് സമരത്തെ തുർന്ന് തടസ്സപ്പെട്ടിരിക്കുന്നത്. ഇതിൽ ഏത് ചിത്രം ആദ്യം റിലീസ് ചെയ്യണം എന്നതിലും നാളെ തീരുമാനമുണ്ടാകും. എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്‍റ് ലിബർട്ടി ബഷീറിന്‍റെ ശക്തികേന്ദ്രമായ മലബാറിലെ തീയറ്റർ ഉടമകളെ പുതിയ സംഘടനയിലേക്ക് ആകർഷിക്കാനുള്ള നീക്കവും ശക്തമാണ്.
