സൂപ്പര്‍ഹിറ്റുകളായ സിനിമകള്‍ സമ്മാനിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ ജീവിതത്തെ കുറിച്ച് നാം പലപ്പോഴും അറിയാറില്ല. അങ്ങനെയൊരു ജീവിത കഥയാണ് ഇവിടെയും പറയാനുള്ളത്. സൂപ്പര്‍ ഹിറ്റായ പല സിനിമകളും വെട്ടിയൊട്ടിച്ച കൈകളാണ് ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നത്. കെ നാരായണന്‍ എന്ന പ്രതിഭാധനനായ ഫിലിം എഡിറ്ററാണ് ഓട്ടോ ഡ്രൈവറായി മാറിയത്. തനിച്ചു നടക്കാന്‍ കഴിയാത്ത മകന്‍ ദര്‍ശനെ രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലെത്തിക്കുന്നതും വൈകിട്ട് വീട്ടിലെത്തിക്കുന്നതിനുമിടയില്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമാണ് നാരായണന്‍റെ ജീവിതം മുന്നോട്ടു നയിക്കുന്നത്. 

 ഭരതന്‍റെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടവും മുതല്‍ പ്രിയദര്‍ശന്റെ തേന്‍മാവിന്‍ കൊമ്പത്തു വരെയുള്ള സിനിമകളില്‍ എഡിറ്ററുടെ മുഖ്യ സഹായിയായിരുന്നു നാരായണന്‍. വൈശാലി, കിലുക്കം,വന്ദനം, മിഥുനം, ഏയ് ഓട്ടോ, ലാല്‍ സലാം, ആയിരപ്പാറ, പൊന്തന്‍മാട, ഡാനി, മങ്കമ്മ, പ്രിയദര്‍ശന്റെ ഹിന്ദി സിനിമകള്‍ ഇങ്ങനെ എത്രയെത്ര സിനിമകളിലാണ് നാരായണന്‍ എഡിറ്റിംഗ് നടത്തിയിട്ടുള്ളത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം സംവിധായകന്‍ തന്നെ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മുഖ്യ ഉത്തരവാദിത്വം നാരായണനായിരുന്നു. പിന്നീടങ്ങോട്ട് നാരായണന്റെ കൈകളിലൂടെ ഒട്ടേറെ സിനിമകള്‍ പിറന്നു. 

 പിന്നീട് ബാലാമണിയെ വിവാഹം ചെയ്തു.മകന്‍ ദര്‍ശന്‍റെ ജനനത്തോടെ നാരായണന്‍റെ ജീവിതം മാറിമറിഞ്ഞു. അഞ്ജാത കാരണത്താല്‍ ശരീരകോശങ്ങളുടെ വളര്‍ച്ച ക്രമരഹിതമായതിനാല്‍ ദര്‍ശന് നടക്കാന്‍ കഴിയില്ല. സംസാര ശേഷിയുമില്ല.ചെന്നൈയില്‍ നിന്ന് നാട്ടില്‍ വന്നു പോവാനുള്ള ബുിദ്ധിമുട്ടുകൊണ്ട് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് മാറി. പിന്നീട് ഡിജിറ്റല്‍ എഡിറ്റിംഗ് സജീവമായിരുന്നു. 

2001 ല്‍ സിനിമ താല്‍ക്കാലികമായി ഉപേക്ഷിച്ച് മകന്‍റെ ചികിത്സയ്ക്കും പണത്തിനുമായി നാട്ടിലേക്ക് മടങ്ങി. വീട്ടില്‍ നിന്നും മകന്റെ സ്‌കൂളിലെത്താന്‍ 20 കിലോമീറ്റര്‍ ഉണ്ട്. പയ്യനൂരിലെ എം ആര്‍ സി എച്ച് സ്‌പെഷല്‍ സ്‌കൂളിലാണ് ദര്‍ശന്‍ പഠിക്കുന്നത്. മകനെ സ്‌കൂളില്‍ കൊണ്ടുവിടാനും തിരികെ എത്തിക്കാനുമാണ് ഓട്ടോ വാങ്ങിയത്. അതിനിടയില്‍ ഓട്ടം വിളിച്ചാല്‍ പോകും. ഇടയ്ക്ക് ഇവിടെയുള്ള സ്റ്റുഡിയോകളില്‍ എഡിറ്റിംഗും നടത്താറുണ്ട്.

 നാരായണന്‍റെ ദുരിത ജീവിതത്തെ കുറിച്ച് സുഹൃത്ത് ശ്രീജിത്താണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് നാരായണന്‍ എന്ന എഡിറ്ററെ കുറിച്ച് പലരും അറിഞ്ഞത്.