ദില്ലി:സിനിമ സെൻസർ ചെയ്യും മുൻപ് നിരോധിക്കാൻ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്ന് സെൻസർ ബോർഡ് മുൻ അദ്ധ്യക്ഷന്‍ പങ്കജ് നിഹലാനി. പത്മാവതി സിനിമ നിരോധിക്കുമെന്ന് മധ്യപ്രദേശ്, പഞ്ചാബ് സർക്കാരുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിഹലാനിയുടെ പ്രതികരണം. ഒരു ചലച്ചിത്രം ക്രമസമാധാന നിലയെ സ്വാധീനിക്കുമെന്ന് വ്യക്തമാകുന്ന സാഹചര്യത്തില്‍ മാത്രമെ സംസ്ഥാനത്തിന് അത് നിരോധിക്കാനോ, ഏതെങ്കിലും ഭാഗങ്ങള്‍ വെട്ടിമാറ്റാനോ സാധിക്കു.

അങ്ങനെ ഏതെങ്കിലും സംസ്ഥാനം തീരുമാനിച്ചാൽ നിർമ്മാതാവിന് കോടതിയെ സമീപിക്കാമെന്നും നിഹ്ലാനി വ്യക്തമാക്കി. രജപുത് കര്‍ണിസേന ചിത്രത്തിനെതിരെ ഭാരത് ബന്ദ് പ്രഖ്യാപിക്കുകയും താരങ്ങള്‍ക്കും സംവിധായകനും നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഇതിന് തൊട്ടുപിന്നാലെ മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെന്ന പേരില്‍ ചിത്രം സര്‍ട്ടിഫൈ ചെയ്യാതെ സെന്‍സര്‍ ബോര്‍ഡ് തിരിച്ചയക്കുകയും ചെയ്തു. ചില വിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ മാറ്റുന്നതുവരെ പത്മാവതി റിലീസ് ചെയ്യാനനുവതിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ്യസിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തയച്ചിരുന്നു.