കൊച്ചി: അപകടത്തില്‍പ്പെട്ട് ചോര വാര്‍ന്ന് റോഡില്‍ കിടന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് നടന്‍ ജയസൂര്യ രക്ഷകനായി. ഒബ്റോണ്‍ മാളിനു സമീപമാണ് ബംഗാളില്‍ നിന്നുള്ള തൊഴിലാളിയായ ദാപ്പാ എന്നയാള്‍ ചോര വാര്‍ന്ന് റോഡില്‍ കിടന്നത്. ആള്‍ക്കൂട്ടം കണ്ടപ്പോള്‍ അപകടമാണെന്ന് സംശയം തോന്നിയ ജയസൂര്യ തന്റെ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. 

അപടകത്തില്‍പ്പെട്ട് കിടക്കുന്ന ആളെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ ആളുകള്‍ പരസ്പരം വാക്ക് തര്‍ക്കം നടക്കുകയായിരുന്നു. ജയസൂര്യ അവിടെയെത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ മാത്രം മുന്നോട്ട് വന്ന് ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചുവെന്നും ജയസൂര്യ ഒരു മാധ്യമത്തോട് പറഞ്ഞു. ബംഗാളില്‍ നിന്നുള്ള ദാപ്പ കൊച്ചിയിലാണ് തൊഴിലെടുത്ത് വന്നിരുന്നത്. ദാപ്പയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നമ്മുടെ വാഹനവും അപകടത്തില്‍പ്പെടാം. ഒരിക്കലും അപകടം പറ്റിയ ആളെ വഴിയില്‍ ഉപേക്ഷിച്ച് പോകരുതെന്ന് ജയസൂര്യ പ്രതികരിച്ചു.