നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചതോടെ ഇന്ന് തന്നെ ആലുവ സബ് ജയിലില്‍ നിന്ന് നടന് പുറത്തിറങ്ങാന്‍ കഴിയും. ജാമ്യം അനുവദിച്ച ഹൈക്കടതിയില്‍ നിന്നും വിധിയുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് വാങ്ങി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. ഇവിടെ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ദിലീപ് കഴിയുന്ന ആലുവ സബ് ജയിലില്‍ ഹാജരാക്കുന്നതാണ് ഇനി ശേഷിക്കുന്ന നടപടി. ഇത് അഞ്ച് മണിക്ക് മുമ്പ് പൂര്‍ത്തിയാക്കാണം. 

ജാമ്യം അനുവദിച്ചത് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായതിനാല്‍ ഈ നടപടികളെല്ലാം ഇന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ പ്രതീക്ഷ. ജയിലില്‍ അര മണിക്കൂറില്‍ താഴെ മാത്രം നീളുന്ന നടപടികള്‍ മാത്രമേയുണ്ടാകൂ. പുറത്തിറങ്ങുന്ന നടനെ സ്വീകരിക്കാന്‍ ആരാധകരും സിനിമാ രംഗത്തുള്ളവരും വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വിധി വന്ന ഉടന്‍ തന്നെ ദിലീപിന്റെ ആരാധകര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടി. പുതിയ ചിത്രമായ രാമലീലയുടെ റിലീസിന് പിന്നാലെ നടന്‍ പുറത്തിറങ്ങുന്നത് വലിയ ആഘോഷമാക്കാനാണ് ഫാന്‍സ് അസോസിയേഷന്റെ തീരുമാനം.