ക്വിസ് പ്രോഗ്രാമായ അശ്വമേധത്തിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് അഭിനേതാവായി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ജി എസ് പ്രദീപ് സംവിധായകനായി എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. സ്വര്‍ണ്ണ മത്സ്യങ്ങള്‍ എന്ന ചിത്രമാണ് ജി എസ് പ്രദീപ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. ജി എസ് പ്രദീപിന്റെ നാടകം താൻ സംവിധാനം ചെയ്‍ത അനുഭവവും പറഞ്ഞാണ് പൃഥ്വിരാജ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിതത്തിൽ ആദ്യമായി ഞാൻ സംവിധാനത്തിൽ ഒരു കൈ നോക്കിയത് 11-ാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ഇംഗ്ലീഷ് നാടകങ്ങളുടെ കഥയധിഷ്ഠിതമാക്കി അരങ്ങിലെത്തിയിരുന്ന നാടങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വന്തമായി ഒരു നാടകം അവതരിപ്പിക്കണമെന്ന വാശിയിലായിരുന്നു ഞാൻ. അങ്ങനെ ഞാനും എന്‍റെ സുഹൃത്തും ചേർന്നു മലയാളത്തിൽ തന്നെയൊരു നാടകമെഴുതാൻ തീരുമാനിച്ചു. 'അവൻ ദേവദത്തൻ' എന്നു പേരിട്ട നാടകത്തിൽ അഭിനേതാക്കൾക്ക് പറയാൻ മികച്ച ഡയലോഗുകൾ ഉണ്ടായിരുന്നുവെന്നു ഞാൻ ഇന്നും ഓർക്കുന്നു. നാടകം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരൻ കഥ, തിരക്കഥ, സംഭാഷണം, ജി എസ് പ്രദീപ് എന്ന സ്റ്റേജ് അനൗൺസ്മെന്‍റ്. എന്നേക്കാൾ മുൻപേ പ്രദീപ്   ജി എസ് ആദ്യ ചിത്രം സംവിധാനം ചെയ്തു. ഞാൻ വളരെ സന്തോഷത്തിലാണ്. പ്രദീപ് ജി എസിനും സ്വർണ മത്സ്യങ്ങളുടെ ടീമിനും ആശംസകൾ.