ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച്, നടിമാരായ ഭാവനയും ഗീതു മോഹൻദാസും റിമ കല്ലിങ്കലും രമ്യാ നമ്പീശനും താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി രാഷ്‍ട്രീയ- സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. 'അവള്‍ക്കൊപ്പം' എന്ന ഹാഷ് ടാഗില്‍ ഉള്ള ചിത്രങ്ങള്‍‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍ നടി  ഗീതു മോഹൻദാസ്. 'ഞാന്‍ എവിടെ പോയാലും സ്നേഹപൂര്‍വം എന്നെ ഓര്‍മ്മപ്പെടുത്തുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. നിരവധി പേരാണ് ഗീതു മോഹൻദാസിന് പിന്തുണയുമായി ഇതിന് താഴെ കമന്റ് ചെയ്‍തിരിക്കുന്നത്.

അമ്മയില്‍ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം വളരെ നേരത്ത എടുക്കേണ്ടതായിരുന്നുവെന്നാണ് ഗീതു മോഹൻദാസ് പറഞ്ഞത്. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുകയെന്നത് ഏറെ പ്രയാസമാണെന്ന് മുൻ നിർവ്വാഹക സമിതി അംഗമെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും ഇതനുവദിക്കാൻ കഴിയില്ല.  എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട്, അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ഞാൻ പുറത്തു നിന്നു പോരാടും- ഗീതു മോഹൻദാസ് പറഞ്ഞു.