വളരെ ലളിതമായ ഒരു കഥാപാശ്ചാത്തലം. തമാശയില്‍ പൊതിഞ്ഞ ആഖ്യാനം. പക്ഷേ അതിനൊക്കെ അപ്പുറത്ത് ചില ഓര്‍മ്മപ്പെടുത്തലുകളുമാണ് ഗിഫ്റ്റ് ഓഫ് സെക്സ് എന്ന ഹ്രസ്വചിത്രം. ശംഭു സജിത്ത്, അശ്വനി ദ്രാവിഡ് എന്നിവര്‍ ചേര്‍ന്നാണ് ഗിഫ്റ്റ് ഓഫ് സെക്സിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഒരു ഭാര്യയുടെയും ഭർത്താവിന്റെയും അവരുടെ ഒരു സുഹൃത്തിന്റെയും സംഭാഷണത്തിലൂടെ ആണ് സിനിമ മുന്നോട്ടുപോകുന്നത്. ഭാര്യയായ ഗായത്രിക്കു വേണ്ടി അരവിന്ദ് ഒരു അപ്രതീക്ഷിത വിവാഹ വാർഷിക സമ്മാനം നല്‍കാന്‍ തീരുമാനിക്കുന്നു. അതിനായി സുഹൃത്തിന്റെ സഹായം തേടുന്നു. പിന്നീട് വളരെ രസകരമായ നിമിഷങ്ങളിലൂടെ ആണ് കഥ മുന്നോട്ടുപോകുന്നത്. അപ്രതീക്ഷിതമായ കുഞ്ഞ് ട്വിസ്റ്റുകളും ചിത്രത്തെ സുന്ദരമാക്കുന്നു. രസച്ചരട് വിടാതെ സംവിധായകര്‍ സിനിമയുടെ പ്രമേയത്തെ അവതരിപ്പിച്ചിരിക്കുന്നു. അരവിന്ദ് ടി എം, ശംഭു സജിത്ത്, ആർ ജെ നിലിജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
വളരെ ലളിതമായ ഒരു കഥയും കഥാപശ്ചാത്തലവും ആണ് ചിത്രത്തിന്റേതെങ്കിലും അതിനപ്പുറത്തുള്ള ചില ഓർമ്മപ്പെടുത്തലുകളാണ് ഗിഫ്റ്റ് ഓഫ് സെക്സ്. പലപ്പോഴും, ശ്രദ്ധിക്കാതെ നടത്തുന്ന ആവേശങ്ങളെ, കൃത്യത വരുത്തേണ്ട അവസ്ഥകളെ ചിത്രം ഓര്‍മ്മിപ്പിച്ചേക്കും. ചിത്രം കണ്ടു കഴിഞ്ഞാലും എന്തായിരുന്നു ആ ചിത്രം പറഞ്ഞത് എന്നതറിയാൻ ചിലരെങ്കിലും ഗൂഗിളില്‍ തെരഞ്ഞു നോക്കിയേക്കും. അതാണ് ചിത്രത്തിന്റെ വിജയവും.
വെറും പ്രചാരണ സിനിമയായിട്ടല്ല ഗിഫ്റ്റ് ഓഫ് സെക്സിനെ സമീപിച്ചതെന്ന് സംവിധായിക അശ്വനി ദ്രാവിഡ് asianetnews.tvയോട് പറഞ്ഞു. എന്റര്‍ടെയ്ന്‍-മെന്റ് വാല്യൂ ചോര്‍ന്നുപോകരുതെന്നുണ്ടായിരുന്നു. എയ്ഡ്സ് മാത്രമാണ് ലൈംഗിക രോഗമെന്നാണ് മിക്കവരും കരുതുന്നത്. അതുമാത്രമല്ലെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. കോണ്ടം ഉപയോഗിക്കേണ്ട ആവശ്യകതയെ കുറിച്ച് പറയേണ്ടത് ഉപദേശരൂപേണ ആകരുത് എന്നും തീരുമാനിച്ചിരുന്നു. അങ്ങനെ പറഞ്ഞാല്‍ അതു വെറും സര്‍ക്കാര്‍ പരസ്യമായി പോകും. യുവാക്കളുടെ ഇടയിലേക്ക് ഇതിന്റെ സന്ദേശം എത്താതെ പോകുകയും ചെയ്യും. അതുകൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ കാണുക എന്നതു തന്നെയാണ് പ്രധാനമെന്നും കേരള സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി കൂടിയായ അശ്വനി ദ്രാവിഡ് പറഞ്ഞു.
