തമിഴിന്‍റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ചിത്രം അറം തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഗോപി നൈനാര്‍ സംവിധാനം ചെയ്ത അറത്തില്‍ ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയന്‍താര എത്തിയത്. അറത്തിലെ പ്രകടനത്തിനാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം തമിഴര്‍ താരത്തിന് ചാര്‍ത്തികൊടുത്തത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത നയന്‍താരയെ തലൈവി എന്ന വിളികളികളുമായി ആരാധകര്‍ എത്തിയിരുന്നു. 

താരനിരയൊന്നും ഇല്ലാത്ത ചിത്രത്തില്‍ നയന്‍താരയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും മുന്‍നിര നായകന്മാരെ ഒഴിവാക്കി സ്ത്രീ കഥാപാത്രത്തിന് ഇത്ര പ്രാധാന്യം നല്‍കിയതെന്തുകൊണ്ടാണെന്നുമള്ള ആരാധകരുടെ ചോദ്യത്തിന് സംവിധായകന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്.

'ഞാന്‍ നയന്‍താര മാഡത്തിനെ തിരഞ്ഞെടുത്തതല്ല. ചിത്രത്തിന്റെ കഥ മാഡത്തിനെ കേള്‍പ്പിച്ചപ്പോള്‍ എന്നെ തിരഞ്ഞെടുക്കുന്നതിലേക്ക് അവര്‍ എത്തിച്ചേരുകയായിരുന്നു. കഥ എഴുതിയപ്പോള്‍ അതില്‍ പ്രധാന കഥാപാത്രം ജില്ലാ കളക്ടറുടേത് തന്നെയായിരുന്നു. പക്ഷേ അത് സ്ത്രീയോ പുരുഷനോ എന്ന് തീരുമാനിച്ചില്ലായിരുന്നുവെന്ന'് നൈനാര്‍ പറഞ്ഞു.