തൈക്കൂടം ബ്രിഡ്‍ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഗോവിന്ദ് മേനോന്‍ തമിഴില്‍ ഗോവിന്ദ് വസന്തയാണ് . വിജയ് സേതുപതി നായകനായ 96ലെ പാട്ടുകള്‍ സിനിമ പോലെതന്നെ പ്രേക്ഷകശ്രദ്ധ നേടിയതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. ചിത്രത്തിലെ പല ഗാനങ്ങളില്‍ ഏറ്റവും ആസ്വാദകപ്രീതി നേടിയ 'കാതലേ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ആസ്വാദകര്‍ അറിയാത്ത കൗതുകങ്ങള്‍ പങ്കുവെക്കുകയാണ് ഗോവിന്ദ് വസന്ത. "തിമിംഗലത്തിന്‍റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട് ആ ഗാനത്തില്‍", സംഗീത സംവിധായകന്‍ പറയുന്നു.

"സിനിമയുടെ പ്രമേയം പോലെ തന്നെ ഒരിക്കലും ഒരുമിക്കാനാകാത്ത, ഒരിക്കലും ഒരേ വഴികളിലൂടെ സഞ്ചരിക്കാനാകാത്ത രണ്ടാത്മാക്കളുടെ ദുഃഖം. സമുദ്രത്തിലെ ഭീമാകാരനായ തിമിംഗലത്തിന് ഒരാകാശപ്പറവയോടുള്ള പ്രണയം. ചൂളം വിളി പോലെ തോന്നിക്കുന്ന ഒരു പ്രത്യേക ശബ്ദത്തോടെയാണ് ഗാനം തുടങ്ങുന്നത്. തിമിംഗലത്തിന്‍റെ ശബ്ദമാണത്. വയലിനിൻ തന്ത്രികളുടെ അമർന്ന കമ്പനവും കിളികളുടെ കളകളാരവവും അതിന് അകമ്പടി സേവിക്കുന്നു." ഒരു വയലിനിസ്റ്റായ ഗോവിന്ദ് സിനിമയിൽ വയലിന്‍ ഉപയോഗിച്ചിട്ടുള്ളതും ഈ ഒരു ഗാനത്തില്‍ മാത്രമാണ്. 

"തിമിംഗലത്തിന്‍റെ ആ അമർന്ന തേങ്ങലിലും വയലിന്‍റെ കനത്ത നാദത്തിലുമാണ് സിനിമ ആരംഭിക്കുന്നത തന്നെ. ജാനു പ്രത്യക്ഷപ്പെടുമ്പോഴും പാശ്ചാത്തലസംഗീതമായി ഈ ഈണം  കേൾക്കാം. പിന്നെ സിനിമ പകുതി പിന്നിടുമ്പോള്‍ ഇതിലെ വരികളും. സിനിമയിൽ ഗാനമെന്ന നിലക്ക് ഒരു ചെറിയ സാന്നിദ്ധ്യമേ ഈ പാട്ടിനുള്ളൂവെങ്കിലും ആദിമദ്ധ്യാന്തം സിനിമയുടെ മൂഡ് നിർവ്വചിക്കുന്ന പശ്ചാത്തലാവുന്നുണ്ട് ഈ പാട്ട്. പൂർണ്ണരൂപത്തിൽ സിനിമയിൽ ഉപയോഗിക്കാത്ത ഈ ഗാനം പ്രൊമോഷനായുള്ള വീഡിയോയിലും ആൽബത്തിലുമാണ് മുഴുവനായും കേൾക്കാനാവുക."

എന്നാല്‍ ആദ്യഘട്ടത്തിൽ ഇങ്ങനെ ഒരു പാട്ട് ആലോചനകളിൽ ഉണ്ടായിരുന്നില്ലെന്നും പറയുന്നു ഗോവിന്ദ്. "അന്താദി എന്ന ഗാനം  ചെയ്തശേഷം അതിലെ ഒരു ഭാഗം എടുത്ത് പ്രൊമോക്കായി ഉപയോഗിക്കുകയായിരുന്നു." പ്രൊമോക്ക് ലഭിച്ച വന്‍ സ്വീകരണമാണ് കാതലെ എന്ന ഗാനമായി പിന്നീട് മാറിയതെന്നു പറയുന്നു ഗോവിന്ദ്. സംഗീത സംവിധായകന്‍റെ ആശയത്തിന് കാർത്തിക് നീത വരികളെഴുതിയപ്പോൾ ആലപിച്ചതും ഗോവിന്ദും ചിന്മയിയും ചേര്‍ന്നാണ്. 'കാതലെ'യുടെ രണ്ട് വെർഷനുകൾ സിനിമയുടെ ഭാഗമായി ഇറങ്ങിയിട്ടുണ്ട്.

എന്നാൽ '96'ൽ തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് 'വസന്തകാലങ്ങൾ' എന്ന ഗാനമാണെന്ന് ഗോവിന്ദ് പറയുന്നു. പശ്ചാത്തലത്തിൽ വാദ്യോപകരണങ്ങളുടെ സാന്നിദ്ധ്യം തീരെ കുറച്ച് ഒരു പ്രത്യേക മൂഡിലാണ് ആ ഗാനം ഒരുക്കിയിരിക്കുന്നത്. ഒരു കവിതപോലെയാണ് ആ ഗാനം എനിക്കനുഭവപ്പെടുന്നത്. വ്യത്യസ്ത ഭാവങ്ങളിൽ ഒരുപാട് അർത്ഥതലങ്ങളില്‍ കേള്‍ക്കാന്‍ പറ്റുന്ന ഗാനമാണത്, ഗോവിന്ദ് അവസാനിപ്പിക്കുന്നു.