ഹൈദരാബാദ്: തലയോട്ടി പൊട്ടിച്ച് ശസ്ത്രിക്രിയ നടക്കുമ്പോള്‍ ആര്‍ക്കെങ്കിലും സിനിമ കാണാന്‍ കഴിയുമോ... അതും ബാഹുബലി. ഇത് ഒരു സിനിമാ കഥയല്ല. തന്റെ തലച്ചോറിലെ അര്‍ബുദം നീക്കാനുള്ള ശസ്ത്രക്രിയ നടക്കുമ്പോള്‍ ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശിനി വിനയകുമാരി ബാഹുബലി-2 ദി കണ്‍ക്ലൂഷന്‍ ആസ്വദിക്കുകയായിരുന്നു. ഗുണ്ടൂരിലെ സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് വിനയകുമാരിയുടെ ശസ്ത്രക്രിയ നടന്നത്. 

ഹെഡ്‌നഴ്‌സായ വിനയകുമാരിയെ മയക്കാതെയായിരുന്നു ശസ്ത്രിക്രിയക്ക് വിധേയമാക്കിയത്. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന സ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷവും വിനയകുമാരി ബാഹുബലി കഴിയുന്നതുവരെ കണ്ടിരുന്നു. ന്യൂറോ സര്‍ജന്‍ ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അഞ്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ആശുപത്രി വിട്ട വിനയകുമാരി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.