വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണണമെന്നതാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഹനാന്‍ പറയുന്നു

പഠനത്തിന് പണം കണ്ടെത്താനായി മത്സ്യം വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍ക്കുട്ടിയെ മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തിട്ട് അധികം ദിവസമായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഒറ്റപ്പെട്ടതും സംഘടിതവുമായ ആക്രമണങ്ങള്‍ അരങ്ങേറിയെങ്കിലും കേരളത്തിന്‍റെ പൊതുബോധത്തില്‍ ഹനാന്‍ പ്രിയപ്പെട്ട മകളായി മാറുകയായിരുന്നു.

പ്രാരാബ്ദങ്ങളും സങ്കടങ്ങളും വേദനയും നിറഞ്ഞ ജീവിതത്തോട് പൊരുതി വിജയം നേടുന്ന പെണ്‍കുട്ടി നാടിനാകെ അഭിമാനമെന്ന വികാരമാണ് ഏവരും പങ്കുവച്ചത്. ഇപ്പോഴിതാ കുട്ടിക്കാലം മുതലുള്ള സങ്കടങ്ങളില്‍ ചിലത് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ഹനാന്‍.

വാപ്പച്ചിയ്ക്കൊപ്പം പെണ്ണുകാണാന്‍ പോകേണ്ടിവന്ന ദുരവസ്ഥയെക്കുറിച്ചടക്കം കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലൂടെ ഹനാന്‍ വിവരിച്ചു. ഉമ്മയുമായി പിരിഞ്ഞ ശേഷം വാപ്പച്ചി രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വാപ്പച്ചിയുടെ പെണ്ണുകാണലിന് അന്ന് അനിയനെയും കൂട്ടിയാണ് പോയതെന്ന് ഹനാന്‍ പറയുന്നു.

താന്‍ പഠിച്ചിരുന്നു കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ബന്ധുവിനെ കല്യാണം കഴിക്കാനുള്ള നീക്കത്തിലായിരുന്നു വാപ്പച്ചി. എന്നാല്‍ അത് നടന്നില്ല. അവരോട് വാപ്പച്ചി ഇടയ്ക്ക് കയര്‍ത്തുസംസാരിച്ചതാണ് വിവാഹം നടക്കാതിരിക്കാനുള്ള കാരണമെന്നും ഹനാന്‍ വെളിപ്പെടുത്തി

41 വയസ്സുകാരനായ വാപ്പച്ചി ഇനിയും വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പറഞ്ഞ ഹനാന്‍ വാപ്പച്ചി ഉമ്മച്ചിയുമായി ഒത്തുപോകില്ലെന്നും കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയ വാപ്പച്ചിയെ ഒരിക്കല്‍ കൂടി കാണണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും ഹനാന്‍ വിവരിച്ചു.