എൻഐഎ മേധാവി സദാനന്ദ് ദതെയെ മഹാരാഷ്ട്ര കേഡറിലേക്ക് തിരികെ നിയമിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതിന് അനുമതി നൽകിയത്. നിലവിലെ ഡിജിപി രശ്മി ശുക്ല വിരമിക്കുന്ന ഒഴിവിലേക്ക് ദതെ മഹാരാഷ്ട്ര പൊലീസ് മേധാവിയായേക്കും.
ദില്ലി: എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകിയതോടെ, നിലവിൽ എൻഐഎ ഡയറക്ടർ ജനറലായ സദാനന്ദ് ദതെ മഹാരാഷ്ട്ര കേഡറിലേക്ക് മടങ്ങും. മഹാരാഷ്ട്രയിൽ പുതിയ പൊലീസ് മേധാവിയായി ഇദ്ദേഹം വൈകാതെ ചുമതലയേൽക്കും എന്നാണ് വിവരം. മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല ഡിസംബർ 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരർക്കെതിരെ ധീരമായി പൊരുതിയ പൊലീസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ദതെ. 2008 ൽ ഭീകരാക്രമണം നടന്നപ്പോൾ മുംബൈ അഡീഷണൽ പോലീസ് കമ്മീഷണറായിരുന്നു അദ്ദേഹം. ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ കാമ ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നിട്ടും ഭീകരരോട് പൊരുതിയ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.
മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ ദതെ. മുൻപ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്നു ഇദ്ദേഹം. പിന്നീട് 2024 മാർച്ചിൽ കേന്ദ്ര സർവീസിലെത്തിയ അദ്ദേഹത്തെ എൻഐഎ ഡയറക്ടർ ജനറലായി കേന്ദ്രസർക്കാർ നിയമിച്ചു. ഇപ്പോൾ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിൻ്റെ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതം മൂളിയതോടെയാണ് സദാനന്ദ ദതെ തിരികെ വരുന്നത്. മഹാരാഷ്ട്രയിൽ പോലീസ് സേനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.


