മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റിലെ ആദ്യ ഗാനം പുറത്ത്. "കാറ്റ് തൊട്ടപ്പോൾ" എന്ന വരികളോടെ ആരംഭിക്കുന്ന മനോഹരമായ മെലഡിയുടെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സുഷിൻ ശ്യാം ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയും ഗാനം ആലപിച്ചത് സായ് പ്രഭ, കപിൽ കപിലൻ എന്നിവരും ചേർന്നാണ്. ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

കുഞ്ചാക്കോ ബോബൻ, ദർശന എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് "കാറ്റ് തൊട്ടപ്പോൾ" എന്ന ഗാനത്തിന്റെ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിരിയിരിക്കുന്നത്. ആക്ഷൻ, ത്രിൽ എന്നിവയ്ക്കൊപ്പം പ്രണയത്തിനും ചിത്രത്തിൽ ഇടമുണ്ടെന്ന സൂചനയാണ് ഈ ഗാനം നൽകുന്നത്. ദിവസങ്ങൾക്കു മുൻപ്, വനിതാ ദിനം പ്രമാണിച്ചു ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തു വിട്ടിരുന്നു. രേവതി, ഗ്രേസ് ആന്റണി, ഗീതി സംഗീത, ശ്രീ പാർവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, നയൻതാര എന്നിവരുടെ പോസ്റ്ററുകൾ ആണ് പുറത്തു വന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ചിത്രത്തിലെ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരുടെ പോസ്റ്ററുകളും ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ബിടിഎസ് റീലും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും വമ്പൻ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ വമ്പൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ഈ സ്പൈ ത്രില്ലർ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ സൂചിപ്പിച്ചത്. ചിത്രത്തിന്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരും മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.

കഴിഞ്ഞ മാസം ചിത്രത്തിൻ്റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ വിഡീയോയുടെ ഭാഗമായിരുന്നു. ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത് എന്ന് ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ, ബിടിഎസ് വീഡിയോ എന്നിവ സൂചിപ്പിക്കുന്നു. മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്.

മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Kaattu Thottappol | Patriot Movie | Sushin Shyam | iSai | Kapil Kapilan | Anwar Ali