Asianet News MalayalamAsianet News Malayalam

പൃഥ്വിരാജിന് പിറന്നാള്‍ മധുരം

Happy Birthday Prithviraj
Author
Thiruvananthapuram, First Published Oct 15, 2016, 6:35 PM IST

നന്ദനം എന്ന ചിത്രത്തില്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് കയറുന്നതായാണ് വെള്ളിത്തിരയില്‍ പൃഥ്വിരാജിനെ ആദ്യമായി കണ്ടത്. ചലച്ചിത്രലോകത്തിന്റെ തന്നെ വാതില്‍ തുറന്നുകയറുകയായിരുന്നു പതിനെട്ടുകാരനായ പൃഥ്വി. സിനിമയുടെ മര്‍മ്മമറിയുന്ന രഞ്ജിത്തായിരുന്നു പൃഥ്വിക്ക് ആ വാതില്‍ തുറന്നുകൊടുത്തത്. വളര്‍ച്ചയുടെ പടികള്‍ ചവിട്ടിക്കയറി മുന്നേറുന്ന പൃഥ്വിക്ക്  ഇന്ന് പിറന്നാള്‍.

രഞ്ജിത്തിന്റെ നന്ദനം പുറത്തിറങ്ങുന്നതിന് മുന്നേതന്നെ നിരവധി ചിത്രങ്ങളിലെ നായക വേഷം പൃഥ്വിയെ തേടിയെത്തി. സുകുമാരനെന്ന നടന്റെ മകന്‍ എന്ന മേല്‍വിലാസത്തില്‍ ലഭിച്ച ചിത്രങ്ങളായിരുന്നു അവയിലധികവും. നക്ഷത്ര കണ്ണുള്ള രാജകുമാരന്‍, സ്റ്റോപ്പ് വയലന്‍സ് തുടങ്ങിയ തുടക്കകാലത്തിലെ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ അത്ര വിജയമായിരുന്നില്ല. പൃഥ്വിയെ സൂപ്പര്‍സ്റ്റാറാക്കാനുള്ള സംവിധായകന്‍ വിനയന്റെ ശ്രമങ്ങളും തീയേറ്ററില്‍ വിജയിച്ചില്ല. പൃഥ്വി നായകനായി ഇറങ്ങിയ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, സത്യം എന്നീ വിനയന്‍ ചിത്രങ്ങള്‍ തീയറ്ററില്‍ ഏശിയില്ല. പക്ഷേ, നന്ദനത്തിന് ശേഷം ഇറങ്ങിയ ചിത്രങ്ങളില്‍ അധികവും ശരാശരിയായിരുന്നെങ്കിലും പൃഥ്വിയെ മലയാളി പ്രേക്ഷകര്‍ മുഴുവനായി കൈവിട്ടിരുന്നില്ല. കാലം വിജയചിത്രങ്ങള്‍ പൃഥ്വിക്ക് സമ്മാനിക്കാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

കമലിന്റെ സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കള്ളക്കാമുകന്‍ പൃഥ്വിയെ മലയാളിയുടെ പ്രിയ താരമാക്കി. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഉണ്ടായിരുന്ന ചിത്രത്തില്‍ കയ്യടി ഏറെ കിട്ടിയത് പൃഥ്വിക്കായിരുന്നു. തുടര്‍ന്ന് നല്ല ചിത്രങ്ങളിലൂടെയും കൊമേഴ്സ്യല്‍ ചിത്രങ്ങളിലൂടെയും പൃഥ്വി ഒരു പോലെ മുന്നേറി. അമ്മക്കിളിക്കൂട്, ചക്രം, അകലെ, വര്‍ഗം, വാസ്തവം, തിരക്കഥ, ദൈവനാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത ഭാവങ്ങളില്‍ പൃഥ്വിയെ നാം കണ്ടു. അതില്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇരുപത്തിനാലാം വയസ്സില്‍ പൃഥ്വിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.

സ്വപ്നക്കൂടിന് ശേഷം പൃഥ്വിക്ക് സൂപ്പര്‍ഹിറ്റ് വിജയം ലഭിച്ചത് ക്ളാസ്മേറ്റ്സിലൂടെയായിരുന്നു. ഇതും മള്‍ട്ടി യുവതാര ചിത്രമായിരുന്നു. പൃഥ്വിയുടെ സോളോഹിറ്റ് എന്ന് പറയാവുന്ന ചിത്രം ചോക്ളേറ്റ് ആയിരുന്നു. ഇതിനിടയില്‍ തിരക്കഥ, മഞ്ചാടിക്കുരു, തലപ്പാവ് തുടങ്ങിയ മികച്ച ചിത്രങ്ങളിലും പൃഥ്വി നായകനായി. 2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വി തമിഴിലുമെത്തി. മണിരത്നത്തിന്റെ ചിത്രത്തിലെ വേഷം പൃഥ്വിക്ക് കിട്ടിയ അംഗീകരവുമായിരുന്നു. രാവണന്‍ എന്ന ചിത്രത്തില്‍ വിക്രമിനൊപ്പം പൃഥ്വി മത്സരിച്ചഭിനയിച്ചു. 2010ല്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയ വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിലും നായകനായി പൃഥ്വി.

ദീപന്റെ പുതിയ മുഖം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി യുവ സൂപ്പര്‍സ്റ്റാറാകുന്നത്. ഈ ചിത്രത്തിലൂടെ പൃഥ്വി പിന്നണിഗായകനുമായി. മമ്മൂട്ടിയുടെ അനിയനായി അഭിനയിച്ച് പോക്കിരിരാജയിലൂടെയും പൃഥ്വി മിന്നിത്തിളങ്ങി.

പക്ഷേ ആക്ഷന്‍ ചിത്രങ്ങളിലും മറ്റും ടൈപ്പ് വേഷങ്ങളില്‍ പൃഥ്വിയെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ഈ നടനില്‍ നിന്ന് ഒന്ന് അകലം പാലിച്ചു. വാക്കുകളിലെ തന്റേടവും ഈ നടന്‍ മറച്ചുവയ്ക്കാതിരുന്നപ്പോള്‍ ആ അകലം വര്‍ദ്ധിച്ചു. ഇന്റര്‍നെറ്റിലും മറ്റും ചിലപ്പോഴൊക്കെ തീയേറ്ററുകളിലുമൊക്കെ ആക്രമിക്കപ്പെടലായിരുന്നു ഇതിന്റെ ഫലം. പക്ഷേ, പ്രേക്ഷകഹൃദയങ്ങള്‍ തിരിച്ചുപിടിക്കുന്ന സമീപനങ്ങളാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ പൃഥ്വിയില്‍ നിന്ന് ഉണ്ടായത്. പ്രേക്ഷകപ്രീതി വീണ്ടും സ്വന്തമാക്കാന്‍ പൃഥ്വിയെ സഹായിച്ചതും രഞ്ജിത്ത് ആയിരുന്നു - ഇന്ത്യന്‍ റുപ്പിയിലൂടെ.

ഇന്ത്യന്‍ റുപ്പീക്ക് ശേഷം താരതമ്യേന പക്വതയാര്‍ന്നതായിരുന്നു പൃഥ്വിയുടെ ചലച്ചിത്രസമീപനങ്ങള്‍. ഹീറോയും സിംഹാസനവുമായിരുന്നു അതിനുശേഷം പൃഥ്വിയുടേതായി വന്ന പതിവു ഫോര്‍മുലയിലുള്ള മലയാളചിത്രം. ആ വര്‍ഷം പൃഥ്വിയുടേതായി എത്തിയ മറ്റ് ചിത്രങ്ങള്‍ മോളി ആന്‍റി റോക്സ്, അയാളും ഞാനും തമ്മില്‍, ആകാശത്തിന്‍റെ നിറം, മഞ്ചാടിക്കുരു എന്നിവയായിരുന്നു. സെന്‍സര്‍ ചെയ്തത് സെല്ലുലോയിഡും (പ്രദര്‍ശനത്തിനെത്തിയത് 2013ല്‍). ഇതില്‍ അയാളും ഞാനും എന്ന ചിത്രത്തിലേയും സെല്ലുലോയിഡിലേയും അഭിനയത്തിന് പൃഥ്വിരാജിന് 2012ലെ മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. അയാളും ഞാനും തമ്മിലിലെ ഡോ രവി തരകന്‍ ഭദ്രമായിരുന്നു പൃഥ്വിയിലെന്ന് അവാര്‍ഡ് നിര്‍ണ്ണയത്തിന് വളരെ മുന്നേ പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥിയായും അലസനായ ഡോക്ടറായും പിന്നീട് ഇരുത്തംവന്ന ഭിഷ്വഗരനായുമുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടം പ്രേക്ഷകര്‍ ഉള്ളില്‍തൊട്ട് അറിഞ്ഞിരുന്നു. ഈ കഥാപാത്രങ്ങളായുള്ള വേഷപ്പകര്‍ച്ചകളില്‍ ഇമേജുകളെ വലിച്ചെറിഞ്ഞിരുന്നു പൃഥ്വിരാജ്. മലയാള സിനിമയുടെ പിതാവിന്‍റെ കഥ പറഞ്ഞ സെല്ലുലോയിഡില്‍ ജെ സി ഡാനിയലായപ്പോഴും പ്രതിഛായാഭാരം പൃഥ്വിരാജിനെ ബാധിച്ചില്ല. അതുകൊണ്ടുതന്നെ മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജിന് ഈ ചിത്രങ്ങളിലൂടെ വീണ്ടും ലഭിക്കുമ്പോള്‍ പ്രേക്ഷകര്‍ അകലംമറന്നു കയ്യടിച്ചു. ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലും പൃഥ്വിരാജിനോട് പ്രേക്ഷകര്‍ കൂട്ടുകൂടി - അഭിനന്ദനങ്ങളുമായി.

രണ്ടാം വട്ടവും സംസ്ഥാനത്തെ മികച്ച നടനായ പൃഥ്വി പ്രേക്ഷകഹൃദയങ്ങളെ വിസ്മയിപ്പിച്ചാണ് പിന്നീട് മുന്നേറിയത്. 2013ല്‍  പുറത്തിറങ്ങിയ മുംബൈ പൊലീസും മെമ്മറീസും പൃഥ്വിയിലെ അഭിനേതാവിനെ ആഴത്തില്‍ അടയാളപ്പെടുത്തുന്നതായിരുന്നു. അല്‍പ്പമൊന്ന് അശ്രദ്ധയായാല്‍ പാളിപ്പോകാവുന്ന മുംബൈ പൊലീസിലെ ആന്റണി മോസ്സസും മെമ്മറീസിലെ പൊലീസ് ഉദ്യോഗസ്ഥനും മികവുറ്റതായത് പൃഥ്വിയുടെ അഭിനയപ്രതിഭ കൊണ്ടാണ്. ഇവയ്‍ക്കു ശേഷമുള്ള പൃഥ്വിരാജിന്റെ സിനിമകളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധേയമായിരുന്നു.  2014ല്‍ സപ്തമശ്രീ തസ്കര, പിക്കറ്റ് 43 പോലുള്ളവ. 2015ല്‍ എത്തുമ്പോള്‍ ഹാട്രിക് സൂപ്പര്‍ഹിറ്റുമായി പൃഥ്വിരാജ്, തന്റെ തലമുറയിലുള്ള യുവനായകനടന്‍‌മാരെ വളരെ പിന്നിലാക്കി. എന്നു നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നിവയായിരുന്നു തുടര്‍ച്ചയായി വന്‍ വിജയം നേടിയത്.  2016ലെത്തുമ്പോഴേക്കും സിനിമകളുടെ എണ്ണംകൊണ്ടും പൃഥ്വിരാജ് ശ്രദ്ധേയനായി. ഏറ്റവും ഒടുവില്‍ സംവിധായകനായും അരങ്ങേറാനൊരുങ്ങുകയാണ് പൃഥ്വിരാജ്. അതും മോഹന്‍ലാലിനെ നായകനാക്കിയുള്ള സിനിമയിലൂടെ. മുരളി ഗോപിയുടെ തിരക്കഥയില്‍ ലൂസിഫര്‍ എന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്.

അഭിനേതാവെന്ന നിലയില്‍ പക്വത വന്ന പൃഥ്വിരാജ് നിര്‍മ്മാതാവായും തിളങ്ങി. സന്തോഷ് ശിവനൊപ്പം ചേര്‍ന്ന് പൃഥ്വി നിര്‍മ്മിച്ച ഉറുമി ദേശീയതലത്തില്‍ ശ്രദ്ധേയനായി. ഇതിനുശേഷം മമ്മൂട്ടിചിത്രങ്ങളടക്കമുള്ളവയുടെ നിര്‍മ്മാണസംരഭങ്ങളിലും പൃഥ്വി പങ്കാളിയായി. നല്ല സിനിമയെ സ്നേഹിക്കുന്ന പൃഥ്വിരാജിന് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയുടെ പിറന്നാള്‍ ആശംസകള്‍.

 

Follow Us:
Download App:
  • android
  • ios