നടിയെ ആക്രമിച്ച കേസില്‍ സിനിമയെ വെല്ലുന്ന തിരക്കഥയാണ് ദിലീപിനെ കുരുക്കാന്‍ പൊലീസ് തയാറാക്കിയതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ജാമ്യം തേടി ദീലിപ് സമ‍ര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കുകൂടി അങ്കമാലി കോടതി ദീര്‍ഘിപ്പിച്ചു. നടിയെ ആക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കില്ലെന്ന് മുഖ്യപ്രതി സുനില്‍കുമാറും പറഞ്ഞു.

43 ദിവസമായി സബ്ജയിലില്‍ കഴിയുന്ന ദീലിപിന് ജാമ്യം തേടി സമര്‍‍പ്പിച്ച ഹ‍‍ര്‍ജിയിലെ പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങള്‍ ഇതാണ്. "ദീലീപിനെ പ്രതിയാക്കിയത് ആസൂത്രിതമായിട്ടാണ്. സിനിമയെ വെല്ലുന്ന തിരിക്കഥയാണ് ഇതിനായി പൊലീസ് തയാറാക്കിയത്. ചില മാധ്യമങ്ങളും ചില പൊലീസ് ഉദ്യോഗസ്ഥരും ചില സിനിമാക്കാരും ഇതില്‍ പങ്കാളികളാണ്. മുഖ്യപ്രതി സുനില്‍കുമാര്‍ 28 കേസുകളിലെ പ്രതിയാണ്. ഒരു പെരുങ്കള്ളന്റെ മൊഴി കൂട്ടുപിടിച്ചാണ് പൊലീസ് ദിലീപിന് പിന്നാലെ പാഞ്ഞത്. ഇരുവരും പലപ്പോഴും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തി എന്നുകരുതി എങ്ങനെ ഗൂഢാലോചനയുടെ തെളിവാകും. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായി പ്രതികള്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇനി കിട്ടാന്‍ സാധ്യതയില്ലാത്ത മൊബൈലിന്റെ പേരില്‍ എന്തിനാണ് ദിലീപിനെ കസ്റ്റഡിയില്‍ വെക്കുന്നത്. സുനില്‍കുമാര്‍ ജയിലില്‍ നിന്നയച്ച കത്തുപോലും ആസൂത്രിത തിരക്കഥയുടെ ഭാഗമാണ്. ദിലീപ് ഒന്നരക്കോടി വാഗ്ദാനം ചെയ്തതായി സുനില്‍കുമാര്‍ പറയുന്നു. ഈ കേസില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കില്‍ ഈ പണം കൊടുത്ത് കേസ് ഒതുക്കാന്‍ ദിലിപ് ശ്രമിക്കുമായിരുന്നില്ലേ. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ കൊണ്ടു വന്ന സകല തെളിവുകളും ആസൂത്രിതവും കെട്ടിച്ചമച്ചതുമാണ്." 

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ കാവ്യ മാധവന് തന്നെ അറിയാമെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലിപിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതോടെയാണ് അങ്കമാലി കോടതി, വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സെപ്റ്റംബര്‍ രണ്ട് വരെ നീട്ടിയത്.