കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഇതിനുള്ള കാരണം അന്വേഷിക്കുകയാണ് സിനിമ പ്രേമികള്‍. ആദ്യഘട്ടത്തില്‍ ഭര്‍ത്താവിന്‍റെ ചില ബന്ധങ്ങളാണ് ദിവ്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ വിവാഹമോചന വാര്‍ത്തയുടെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം അതല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവ്യയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിനിമ രംഗത്ത് നിന്നും വിട്ടുനില്‍ക്കുമ്പോഴും നൃത്തത്തില്‍ വലിയ താല്‍പ്പര്യം ദിവ്യ പ്രകടമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി ഒരു നൃത്ത വിദ്യാലയവും ദിവ്യ തുടങ്ങി എന്നാല്‍ ഇതിന്‍റെ വളര്‍ച്ചയില്‍ ദിവ്യയുടെ ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖരന്‍ അസ്വസ്ഥത പ്രകടിപ്പിച്ചെന്നും, ഇത് സ്വരചേര്‍ച്ചയില്ലായ്മയിലേക്കും വിവാഹ മോചനത്തിലേക്കും നയിച്ചെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

ഇതോടെയാണ് മക്കളായ അര്‍ജ്ജുന്‍,മീനാക്ഷി എന്നിവരോടൊപ്പം ദിവ്യ കൊച്ചിയിലേക്ക് മടങ്ങിയത്. അടുത്തിടെയായി വിവിധ ചാനല്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്ന ദിവ്യ സിനിമ രംഗത്തേക്ക് ഇറങ്ങാനുള്ള ശ്രമത്തിലാണെന്ന് ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.