നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജർ അപ്പുണ്ണി സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി. അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അപ്പോൾ മാത്രമേ പറയാനാകൂവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഗൂഢാലോചനയിൽ പങ്കില്ലെങ്കിൽ പിന്നെ ദിലീപിന്റെ മാനേജര്‍ എന്തിനാണ് ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. 

കേസില്‍ അപ്പുണ്ണിയെ നിലവിൽ പ്രതി ചേർത്തിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇപ്പോള്‍ അപ്പുണ്ണി ഒളിവിലാണ്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കേസില്‍ പ്രതിയാക്കുമോ എന്ന് തീരുമാനിക്കാന്‍ കഴിയൂ എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. വേണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാമെന്നും ചോദ്യം ചെയ്യുമ്പോൾ അപ്പുണ്ണിയെ പീഡിപ്പിക്കരുതെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

കേസിലെ പ്രതി സുനിൽകുമാറുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമ വാർത്തകൾ അടിസ്ഥാനമാക്കിയാണ് പോലീസ് തന്നെ പ്രതിയാക്കുന്നതെന്നുമാണ് അപ്പുുണ്ണിയുടെ ജാമ്യഹർജിയിൽ പറയുന്നു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും അപ്പുണ്ണിക്ക് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൃത്യത്തിനുശേഷം പിടിക്കപ്പെടുമെന്നായപ്പോള്‍ അപ്പുണ്ണിയെ മുന്നില്‍ നിര്‍‍ത്തി കേസ് ഒതുക്കാന്‍ ദീലീപ് ശ്രമിച്ചിരുന്നുവെന്നും, ജയിലില്‍ കഴിഞ്ഞിരുന്ന സുനില്‍കുമാറിന് ഇടനിലക്കാര്‍ മുഖേന പണം കൈമാറാനുള്ള ദിലീപിന്റെ നീക്കത്തിനുമെല്ലാം മുന്നില്‍ നിന്നത് അപ്പുണ്ണിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.