ഹിന്ദി സീരിയല്‍ താരം സൗമ്യ ടണ്‍ടണെ ഇസ്താംബുള്‍ നഗര മധ്യത്തില്‍ ടാക്സി ഡ്രൈവര്‍ കൊള്ളയടിച്ചു. അവധി ആഘോഷത്തിനായാണ് നടി ഇസ്താംബുളില്‍ എത്തിയത്. ഭാഭിജി ഖര്‍ പര്‍ ഹെയ്ന്‍ എന്ന ഹിറ്റ് സീരിയലില്‍ അനിത ഭാഭി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് സൗമ്യ. 

ഗ്രാന്‍ഡ് ബസാറില്‍ ഷോപ്പിങ് കഴിഞ്ഞ് കാരകോറയിലേയ്ക്ക് ഷോപ്പിങിന് പോകുമ്പോഴാണ് മോഷണം നടന്നതെന്ന് സൗമ്യ ദേശീയമാധ്യമത്തോട് പറഞ്ഞു. ടാക്സിയില്‍ മീറ്റര്‍ ഇല്ലെന്ന കാര്യം ശ്രദ്ധിച്ചെങ്കിലും അതത്ര കാര്യമാക്കിയില്ല. ഇറങ്ങേണ്ട സ്ഥലമായപ്പോള്‍ ഡ്രൈവര്‍ കാശിനായി ബഹളം വെച്ചു. നോമ്പ് തുറക്കണം വേഗം പൈസ തരാന്‍ പറഞ്ഞു. 50 ലിയാണ് തുക എന്ന് പറഞ്ഞു. ഇത് സാധാരണയിലും ഇരട്ടിയാണ്. 

അയാള്‍ക്ക് ലിറ നല്‍കി, പക്ഷേ സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞു. യൂറോ ആയിരിക്കും വേണ്ടതെന്ന് കരുതി പേഴ്സ് തുറന്നു, ഉടനെ അയാള്‍ ബഹളം വെച്ചുകൊണ്ട് പേഴ്സില്‍ കയ്യിട്ടു. നോക്കിയപ്പോള്‍ ആയിരം യൂറോ നഷ്ടപ്പെട്ടു. രസീതോ, വാഹനത്തിന് നമ്പര്‍ പ്ലേറ്റോ ഇല്ലാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കാനായില്ല. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ എന്ന് സൗമ്യ പറഞ്ഞു.