തന്‍റെ ലിപ് ലോക്ക് രംഗം ഒരു ചിത്രത്തിന്‍റെ അണിയറക്കാര്‍ കച്ചവടം ചെയ്തുവെന്ന് നടി ഹണി റോസ്. വണ്‍ ബൈ ടു എന്ന ചിത്രത്തിലെ ലിപ് ലോക്ക് ചുംബനം ദുരുപയോഗം ചെയ്തതിനെതിരെയാണ് ഹണി റോസിന്‍റെ പ്രതിഷേധം. വണ്‍ ബൈ ടുവില്‍ ലിപ് ലോക്ക് ചുംബന രംഗമുണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ മാതാപിതാക്കളോട് അനുവാദം ചോദിച്ചു. അവര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഥയ്ക്ക് അനിവാര്യമായതിനാല്‍ താന്‍ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. 

കുറച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ലിപ് ലോക്ക് ചുംബനം ഉണ്ടായിരുന്നത്. അതിനാല്‍ താന്‍ അത് വലിയ കാര്യമാക്കിയില്ല. എന്നാല്‍ സിനിമയുടെ പ്രമോഷന്‍ സമയത്ത് കാര്യങ്ങള്‍ മാറിമറിഞ്ഞു. പരസ്യത്തിലും പോസ്റ്ററിലും ലിപ് ലോക്ക് രംഗങ്ങള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. 

താന്‍ വളരെ ഇമോഷണലായി ചെയ്ത ഒരു രംഗം കച്ചവടത്തിനായി ഉപയോഗിച്ചതില്‍ വേദന തോന്നിയെന്നും ഹണി പറഞ്ഞു. ലിപ് ലോക്ക് പ്രമോഷന് ഉപയോഗിച്ചത് കുടുംബ പ്രേക്ഷകരെ ചിത്രത്തില്‍ നിന്ന് അകറ്റിയെന്നും ഹണി റോസ് പറഞ്ഞു. ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി.