ഹണി റോസ് ഇറച്ചിവെട്ടുകാരിയായി എത്തുന്ന 'റേച്ചൽ' ഡിസംബർ 12-ന് തിയേറ്ററുകളിലെത്തും. വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രത്തിനായി കത്തി പിടിക്കാനും തോക്ക് ഉപയോഗിക്കാനും പ്രത്യേക പരിശീലനം നേടിയിരുന്നുവെന്ന് താരം പറയുന്നു.
ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചൽ. കരിയറിലെ ഏറ്റവും ശക്തവും വേറിട്ടതുമായ വേഷം ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഹണി ഇപ്പോൾ. ചിത്രം ഡിസംബർ 12ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും. തതവസരത്തിൽ റേച്ചൽ ഒട്ടും ഈസിയായിരുന്നില്ലെന്നും പഠിക്കാൻ ഒരുപാട് ഉണ്ടായിരുന്നുവെന്നും പറയുകയാണ് ഹണി റോസ്.
"ഒരുകാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയായിരുന്നു റേച്ചൽ. കഥാപാത്രത്തിന്റെ സംസാര രീതിയായാലും ശരീര ഭാഷയായാലും ഒരുപാട് വ്യത്യസ്തമാണ. ഇറച്ചി വെട്ടുകാരിയാണ് റേച്ചൽ. അത് പഠിക്കാനുണ്ട്. കത്തി പിടിക്കണം, വ്യത്യസ്ത രീതിയിൽ ഇറച്ചി വെട്ടാറുണ്ട്. അതെങ്ങനെ എന്നും പഠിക്കണം. യഥാർത്ഥത്തിൽ ഇറച്ചി വെട്ടുന്നൊരു ചേട്ടൻ വന്നാണ് അത് പഠിപ്പിച്ചത്. അതിന് വേണ്ടി ദിവസങ്ങളോളമുള്ള പരീശീലനം ഉണ്ടായിരുന്നു. നാടൻ തോക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. കാണുന്നത് പോലെയല്ല നല്ല വെയ്റ്റാണ് തോക്കിന്. ഓരോ ഷോട്ടിലും അതെടുത്ത് ഫയർ ചെയ്ത് വയ്ക്കുക എന്നത് ഈസിയായിട്ടുള്ള കാര്യമല്ല. വളരെ റിസ്കിയായിട്ടുള്ള കാര്യമായിരുന്നു അത്. കുറേ പോത്തുകളുടെ ഇടയിലായിരുന്നു പകുതി ഷൂട്ടും നടന്നത്", എന്നായിരുന്നു ഹണി റോസിന്റെ വാക്കുകൾ. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.
ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.



