ഹൃത്വിക് റോഷന്റെ പുതിയ മുഖം, സൂപ്പര്‍ 30 ഒരുങ്ങുന്നു

ഹൃത്വിക് റോഷന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ 30. ചിത്രത്തിന്റെ ചിത്രീകരണം വളരെ പെട്ടെന്ന് തന്നെ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഹൃത്വിക് റോഷന്‍ എന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഹൃത്വിക് റോഷന്‍. മുംബൈ ഷെഡ്യൂളിനു ശേഷം രാജസ്ഥാനാണ് ലൊക്കേഷന്‍. രാജസ്ഥാനിലെ ഷൂട്ടിംഗ് അടുത്ത ആഴ്‍ച ആരംഭിക്കും.

സൂപ്പര്‍ 30നായി ഹൃത്വിക് റോഷന്‍ തടികുറച്ചത് സിനിമാ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. രാജ്യത്തെ പ്രമുഖ ഗണിത ശാസ്‍ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30ല്‍ പറയുന്നത്. ആനന്ദ് കുമാറായിട്ടാണ് ഹൃത്വിക് റോഷന്‍ അഭിനയിക്കുന്നത്. ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാര്‍ പറയുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഹൃത്വിക് റോഷന്‍ ആനന്ദ് കുമാറിനെ കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുകയും ചെയ്‍തിരുന്നു. വികാസ് ബാഹ്‍ല്‍ ആണ് സൂപ്പര്‍ 30 സംവിധാനം ചെയ്യുന്നത്.