തിരിച്ചുവരും, പാതി ഹൃദയം കേരളത്തിലാണ്, 'സുഡാനി' നൈജീരിയയിലേക്ക്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് സുഡുമോന്‍ അഥവാ സാമുവല്‍ റോബിന്‍സണ്‍. മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ച സാമുവലിനും ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തിയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രത്തിന്‍റെ റിലീസിങ്ങിന്‍റെ ഭാഗമായി സമുവല്‍ കേരളത്തിലുണ്ടായിരുന്നു. കോളജ് പരിപാടികളിലടക്കം പങ്കെടുത്ത് രുചികളറിഞ്ഞ് കേരളത്തില്‍ കറങ്ങി നടന്ന സാമുവല്‍ നാട്ടിലേക്ക് മടങ്ങുകയാണ്. സാമുവല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. തന്‍റെ പാതി ഹൃദയം കേരളത്തില്‍ വച്ചാണ് മടങ്ങുന്നതെന്നും ഇപ്പോള്‍ ഞാനൊരു പാതി ഇന്ത്യക്കാരനായെന്നും തിരിച്ചുവരുമെന്നും സാമുവല്‍ കുറിപ്പില്‍ പറയുന്നു.

ചിത്രം മികച്ച പ്രതികരണം നേടിയതോടെ സോഷ്യല്‍ മീഡിയയിലും സുഡുമോന്‍ ഹിറ്റായിരുന്നു. ദുല്‍ഖര്‍ സല്‍മാന് മെസേജ് അയച്ചപ്പോള്‍ മറുപടി ലഭിക്കാത്തതില്‍ സങ്കടപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ചതും ദുല്‍ഖര്‍ പിന്നീട് മറുപടി പറഞ്ഞപ്പോള്‍ സാമുവലിന്‍റെ വൈകാരിക പ്രതികരണവും വാര്‍ത്തയായിരുന്നു.