മേളയില്‍ മിന്നി തിളങ്ങിയ ഈമയൗ വിലെ പ്രകടനത്തിലൂടെയാണ് വിനോദ് അഭ്രപാളിയിലെ അഭിമാനനേട്ടം കരസ്ഥമാക്കിയത്. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും സ്വന്തമാക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമുള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ പറന്നുയര്‍ന്നത്

പനാജി: ഗോവയിൽ നടന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളക്കരയുടെ അഭിമാനം വാനോളം ഉയര്‍ത്തുകയായിരുന്നു ചെമ്പന്‍ വിനോദ്. ഐഎഫ്എഫ്ഐയുടെ ചരിത്രത്തിലാധ്യമായാണ് മികച്ച നടനുള്ള പുരസ്കാരം മലയാളക്കരയിലേക്ക് എത്തിയത്. ലോക സിനിമയിലെ അത്ഭുതപ്രകടനങ്ങളെയെല്ലാം വെല്ലുവിളിച്ചുള്ള ഈ നേട്ടം ചെമ്പന്‍ വിനോദിന്‍റെ കരിയറിന് നല്‍കുന്ന തിളക്കം ചെറുതല്ല.

മേളയില്‍ മിന്നി തിളങ്ങിയ ഈമയൗ വിലെ പ്രകടനത്തിലൂടെയാണ് വിനോദ് അഭ്രപാളിയിലെ അഭിമാനനേട്ടം കരസ്ഥമാക്കിയത്. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും സ്വന്തമാക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമുള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ പറന്നുയര്‍ന്നത്.

അഭിനയ ജീവിതത്തിന്‍റെ എട്ടാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് ചെമ്പന്‍ വിനോദ് ഗോവന്‍ രാജ്യന്തരമേളയിലെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. 2010 ല്‍ നായകനിലൂടെ വെള്ളിത്തിരയിലെത്തിയ വിനോദ് വ്യത്യസ്തമായ വേഷങ്ങളിലൂടെ എന്നും കൈയ്യടി നേടിയിട്ടുണ്ട്. അമേന്‍, ഇയ്യോബിന്‍റെ പുസ്തകം, ടമാര്‍ പടാര്‍, ചാര്‍ലി, ഡാര്‍വിന്‍റെ പരിണാമം, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെമ്പന്‍ വിനോദിന്‍റെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായി മരിക്കുന്നതും തുടര്‍ന്ന് ആ മരണവീട്ടിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈമായൗ എന്ന ചിത്രത്തില്‍ നിറയുന്നത്. മഴയുടേയും കടലിന്‍റേയും ഇരുട്ടിന്‍റേയും പശ്ചാത്തലത്തില്‍ പിതാവിന്‍റെ മരണം സൃഷ്ടിക്കുന്ന മാനസികാഘാതവും പേറി തനിക്ക് മുന്നിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഈശി എന്ന മകനായി സമാനതകളില്ലാത്ത പ്രകടനമാണ് ചിത്രത്തില്‍ ചെന്പന്‍ വിനോദ് കാഴ്ച്ചവച്ചത്. കേരളത്തിലെ തീയേറ്ററുകളില്‍ മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രം ഗോവ ചലച്ചിത്രമേളയിലും പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു. 

സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈൻ-റഷ്യൻ ചിത്രം ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം. ഉക്രൈൻ സംഘർഷത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രം മേളയിൽ വലിയ ചർച്ചയായിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരം വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി. മില്‍കോ ലാസ്റോവിന്‍റെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്കാരം.