ഇരുപത്തിരണ്ടാം കേരള രാജ്യാന്തരചലചിത്രമേളയിലേക്ക് വന്‍ താരങ്ങളെ അണിനിരത്താനൊരുങ്ങി ചലചിത്ര അക്കാദമി. മേളയുടെ വിശിഷ്‍ടാതിഥിയാകാന്‍ സംഗീയ വിസ്‍മയം എ ആര്‍ റഹ്‍മാനെ സമീപിച്ചിരിക്കുകയാണ് അക്കാദമി.


ഒരു പക്ഷേ ചെന്നൈ മോസാര്‍ട്ടിന്റെ വരവോടെയാകുമോ ഇരുപത്തിരണ്ടാം മേളയുടെ കൊടിയുയരുക. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരള ചലചിത്ര അക്കാദമി അധികൃതര്‍. ഡിസംബര് എട്ടിന് മേള തുടങ്ങാനിരിക്കെ ഉദ്ഘാടനത്തിനോ സമാപന സമ്മേളനത്തിലോ വിശിഷ്‍ടാതിഥിയായി പങ്കെടുക്കാന്‍ ആകുമോ എന്നാണ് അക്കാദമി എ ആര്‍ റഹ്‍മാനോട് ആരായുന്നത്. അദ്ദേഹത്തിന്റെ തിരക്കുകള്‍ നീക്കങ്ങള്‍ക്ക് തടസ്സമാകുമോ എന്ന ആശങ്കയുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതും തിരിച്ചടിയാണ്. അനൂകൂലമായ മറുപടി കിട്ടും വരെ മുഖ്യാത്ഥി എ ആര്‍ റഹ്‍മാന്‍ തന്നെയാകുമോ എന്നകാര്യത്തില്‍ സസ്‍പെന്‍സ് തുടരും. തമിഴ് നടന്‍ പ്രകാശ് രാജ്, ഓസകര്‍ ജേതാവ് റസൂല്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി.

മുപ്പത്തിയാറ് ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദി കൂടിയാകുമെന്ന പ്രത്യേകയും ഇക്കുറി മേളയ്‍ക്കുണ്ടാകും. ഉദ്ഘാടന ചിത്രം ഇന്‍സള്‍ട്ടിന്റ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയില്‍. മത്സരവിഭാഗത്തിലെ എട്ട് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം. മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യമായ രണ്ടു പേര്‍, ഏദന്‍ എന്നീ ചിത്രങ്ങളുടെ ആഗോള റീലിസിന് ചലച്ചിത്രമേള വേദിയാകും.