ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്‍ക്ക് ഇന്ന് സമാപനം. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം അടക്കമുള്ള പുരസ്ക്കാരങ്ങള്‍ വൈകീട്ട് മുഖ്യമന്ത്രി സമാനിക്കും. നല്ല സിനിമകള്‍ക്കൊപ്പം ഒരുപാട് പ്രതിഷേധങ്ങള്‍ക്കും അറസ്റ്റിനും വരെ മേള സാക്ഷിയായി.


മനസ്സ്നിറച്ച ഒരുപിടി ചിത്രങ്ങളാണ് ഇരുപത്തിയൊന്നാം മേളയുടെ സംഭാവന. ക്ലാഷ്, സിങ്ക്, നെറ്റ്, കോള്‍ഡ് ഓഫ് കലാണ്ടര്‍, നെരൂദ, ഡോട്ടര്‍, ഏയ്ഞ്ചല്‍ ,കാട് പൂക്കുന്ന നേരം.. തുടങ്ങി കയ്യടി നേടിയ സിനിമകള്‍ ഒരുപാടുണ്ട്. പ്രേക്ഷക അഭ്യര്‍ത്ഥന മാനിച്ച് ക്ലാഷ് അഞ്ച് തവണ പ്രദ‍ര്‍ശിപ്പിച്ചത് മേളയില്‍ പുതുചരിത്രമായി.

ദേശീയഗാനവിവാദത്തിന് പിന്നാലെ സ്വവര്‍ണ്ണ പ്രണയം പ്രമേയമായ ജയന്‍ ചെറിയാന്റെ കാ ബോഡിസ്കേപ്സിനെതിരെയും പ്രതിഷേധം ഉയര്‍ന്നു.  വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഹൈന്ദവസംഘടനകള്‍ കലാഭവന്‍ തിയേറ്ററിനു മുന്നില്‍ ചിത്രത്തിനെതിരെ പ്രതിഷേധിച്ചു. പ്രേക്ഷക ശ്രദ്ധ നേടിയ കാ ബോഡിസ്കേപ്സ് ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രതിഷേധം തുടരുമെന്നാണ് ഹിന്ദു സംഘടനകളുടെ അറിയിപ്പ്. നിശാഗന്ധിയില്‍ വൈകീട്ട് സുവര്‍ണ്ണ ചകോരം അടക്കമുള്ള പുരസ്ക്കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിക്കും. ക്ഷണക്കത്തുള്ളവര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.