ചരിസ്മാ ബ്യൂട്ടി സ്പാ ആൻഡ് സലൂണിനെതിരെയാണ് നടപടി
മുംബൈ: അനധികൃത കെട്ടിട നിർമാണത്തിനെതിരെ നടി പ്രിയങ്ക ചോപ്രയ്‍ക്കെതിരെതിരെ നിയമ നടപടി. മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് നോട്ടീസ് അയച്ചത്. ആന്ധേരിയിലെ ഓഷിവാരയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയുടെ ഉടമസ്ഥതയിലുള്ള ചരിസ്മാ ബ്യൂട്ടി സ്പാ ആൻഡ് സലൂണിനെതിരെയാണ് നടപടി. കൂടാതെ ചോപ്ര കുടുംബം ഓഫീസായി ഉപയോഗിക്കുന്ന മറ്റൊരു കെട്ടിടത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.
അനധികൃതമായി പണികഴിപ്പിച്ച കെട്ടിടത്തിലെ മധ്യനിലയിലെ ഫ്ലാറ്റിലാണ് സ്പാ പ്രവർത്തിക്കുന്നത്. പ്ലൈ ഷീറ്റ്, ഗ്ലാസ് മതിലുകൾ എന്നിവ ഉപയോഗിച്ചാണ് ഫ്ലാറ്റിലെ കാബിനുകൾ നിർമ്മിച്ചിരിക്കുന്നത്. നിയമാനുസൃതമല്ലാതെയാണ് കെട്ടിടത്തിൽ അറ്റക്കുറ്റപണികൾ നടത്തിയതെന്ന് കാണിച്ച് ലഭിച്ച പരാതികളെ തുടർന്ന് കോർപ്പറേഷൻ പരിശോധന നടത്തുകയും നിയമലംഘനം നടന്നതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഉടമസ്ഥർക്ക് നോട്ടീസ് അയക്കുകയായിരുന്നു.
2013 ജൂണിൽ ബിഎംസി അംഗീകരിച്ച പ്ലാൻ അനുസരിച്ച് കെട്ടിടത്തിൽ മാറ്റം വരുത്തണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. മാറ്റം വരുത്തപക്ഷം ഒരുമാസത്തിനകം തുടർ നടപടികളുണ്ടാകുമെന്നും അറിയിച്ചു. മഹാരാഷ്ട്ര റീജിയണൽ ടൌൺ പ്ലാനിംഗ് ആക്ട് പ്രകാരം പിഴയടച്ച് കെട്ടിടം നിയമാനുസൃതമാക്കാൻ ആവശ്യപ്പെട്ട് കോർപ്പറേഷൻ മുമ്പ് നടിക്ക് നോട്ടീസ് അയച്ചിരുന്നു. നടിയുടെ ഭാഗത്തുനിന്നും അന്ന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണയും ഇത് ആവർത്തിക്കുകയാണെങ്കിൽ കെട്ടിടം പൊളിച്ച് മാറ്റുമെന്ന് കോർപ്പറേഷൻ അറിയിച്ചു.
